മത്സ്യലോറിയില്‍ കഞ്ചാവ്: പ്രതികള്‍ക്ക്‌വേണ്ടി വലവിരിച്ചു


കാസര്‍കോട്: മായിപ്പാടിയില്‍ 18 കിലോയുടെ കഞ്ചാവ് കടത്ത് പിടികൂടിയ സംഭവത്തില്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ രണ്ടംഗ സംഘത്തിനു വേണ്ടി എറണാകുളത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കാസര്‍കോട് ടൗണ്‍ എസ്.ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊലക്കേസ് പ്രതിയടക്കമുള്ള രണ്ടംഗ സംഘത്തിനു വേണ്ടി വലവിരിച്ചത്. ബന്തിയോട് സ്വദേശി അബ്ദുല്‍ ലത്വീഫ്, എറണാകുളം സ്വദേശി മനു എന്നിവരെയാണ് പിടികിട്ടാനുള്ളത്. ഇതില്‍ ലത്വീഫ് കുമ്പളയിലെ ഷുഐബ് വധക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ ഫായിസ് അമീനെ സംഭവ സ്ഥലത്തു വെച്ചു തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
സംഘം കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മിനി ലോറി അപകടത്തില്‍പെട്ടതോടെയാണ് സംഘം ഓടിരക്ഷപ്പെട്ടത്. ഇതിനിടെ ഒരു പ്രതി പിടിയിലാവുകയായിരുന്നു. ലത്വീഫിന്റെ ബന്തിയോട്ടെ വീട്ടില്‍ പോലീസ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ അബ്ദുല്‍ ലത്തീഫ് കുറച്ചുകാലം എറണാകുളത്തെ ഒരു ബേക്കറിയില്‍ ജോലിചെയ്തിരുന്നു. ഈ പരിചയമാണ് കേസില്‍ എറണാകുളം സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടാന്‍ കാരണമെന്നാണ് പോലീസ് കരുതുന്നത്. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരെപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
ഇടുക്കിയില്‍ നിന്ന് എറണാകുളത്തേക്ക് എത്തിക്കുന്ന കഞ്ചാവ് പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് കടത്തുകയാണ് ചെയ്യുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മംഗലാപുരത്തുനിന്ന് മത്സ്യവുമായി എറണാകുളത്തേക്ക് പോയ അബ്ദുല്‍ ലത്വീഫിന്റെ മത്സ്യലോറി തിരികെവരുമ്പോള്‍ കഞ്ചാവുമായാണ് വരുന്നതെന്നും കഞ്ചാവിന്റെ മൊത്തവ്യാപാരക്കച്ചവടമാണിവര്‍ നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. രണ്ട് കിലോയോളം വരുന്ന ഒരുപൊതി ഏകദേശം 40,000 രൂപയ്ക്കാണ് വില്‍ക്കുന്നത്.

Post a Comment

0 Comments