കണ്ണൂര്‍ : സ്വര്‍ണക്കടത്ത് സംഘത്തെ മര്‍ദ്ദിച്ച് മറ്റൊരു സംഘം കള്ളക്കടത്ത് സ്വര്‍ണവുമായി കടന്നു. കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണമാണ് മറ്റൊരു സംഘം കൊളളയടിച്ചത്. കൊണ്ടോട്ടിക്കടുത്തുവെച്ചാണ് ആറംഗസംഘം 900 ഗ്രാം സ്വര്‍ണം കൊള്ളയടിച്ചത്. ഒമാന്‍ എയര്‍ വിമാനത്തില്‍ പുലര്‍ച്ചെ 3.20 ന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയാണ് 900 ഗ്രാം സ്വര്‍ണവുമായി കരിപ്പൂരില്‍ ഇറങ്ങിയത്. വിമാനത്താവളത്തിനു പുറത്തു കാത്തുനിന്ന സ്വര്‍ണക്കടത്തു സംഘത്തിനു സ്വര്‍ണം കൈമാറി.
കാരിയറായി എത്തിയ കോഴിക്കോട് സ്വദേശിയെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയ ശേഷം യാത്ര തുടരുമ്പോഴാണ് മറ്റൊരു കാര്‍ പിന്തുടര്‍ന്നെത്തിയത്. വാഹനം കുറുകെയിട്ട് തടഞ്ഞ ആറംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു.
സ്വര്‍ണ കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടവരെ മര്‍ദ്ദിച്ചവശരാക്കി കാറുമായി കടന്നു. 30 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കാര്‍ പെട്രോള്‍ പമ്പിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മറ്റു മാര്ഗമില്ലാതായപ്പോഴാണു സ്വര്ണക്കടത്തുകാര് പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കൊള്ളസംഘത്തെ കണ്ടെത്താനാണ് ശ്രമം. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി കൊണ്ടുവരുന്നവരെ കൊള്ളയടിക്കുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നുണ്ട്.
0 Comments