നടിയെ ആക്രമിച്ച കേസ് നീട്ടാന്‍ ദിലീപ് മേല്‍ക്കോടതിയെ സമീപിക്കും


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതികളെ സമീപിക്കാന്‍ തന്നെയാണ് ദിലീപിന്റെ നീക്കമെന്ന് സൂചന. കേസ് പരമാവധി നീട്ടാനും വൈകിക്കാനും സങ്കീര്‍ണമാക്കാനും ഇതിലൂടെ കഴിയും.
ഇന്ന് പ്രത്യേക കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് ദിലീപും അഭിഭാഷക സംഘവും കരുതിയിരുന്നില്ല. നേരത്തേ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒന്നാം പ്രതിയായ സുനില്‍ കുമാറുമായി ബന്ധമുള്ള, കൊച്ചിയിലെ രണ്ട് അഭിഭാഷകരുടെ പക്കല്‍ എത്തിയെന്നും, അത് പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നുമാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി നേരത്തേ കീഴ്‌ക്കോടതിയില്‍ ഈ രണ്ട് അഭിഭാഷകരും വിടുതല്‍ ഹര്‍ജികള്‍ നല്‍കിയിരുന്നു. കേസില്‍ പ്രതികളായി ചേര്‍ത്ത തങ്ങള്‍ നിരപരാധികളാണെന്നും, കേസില്‍ പങ്കുണ്ടെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും കാട്ടിയാണ് പ്രത്യേക കോടതി രൂപീകരിക്കുന്നതിന് മുമ്പ് കീഴ്‌ക്കോടതിയില്‍ ഈ രണ്ട് അഭിഭാഷകരും വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇത് പരിഗണിച്ച് അങ്കമാലി കോടതി ഇവരെ രണ്ട് പേരെയും വെറുതെ വിട്ടിരുന്നു.
ഇതേ കാര്യം ചൂണ്ടിക്കാട്ടി, കേസിലെ ഗൂഢാലോചനയുമായി നേരിട്ട് പങ്കില്ലെന്ന് വാദിച്ച്, അത് തെളിയിക്കാന്‍ പോലീസിന്റെ കുറ്റപത്രത്തില്‍ കൃത്യമായ മെറിറ്റുമില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും അവിടെ നിന്ന് ഹര്‍ജി തള്ളിയാല്‍ സുപ്രീംകോടതിയെയും സമീപിക്കാനാണ് ദിലീപിന് ലഭിച്ച നിയമോപദേശം. രണ്ട് കോടതികളിലും വിടുതല്‍ ഹര്‍ജി തന്നെയായും ദിലീപും അഭിഭാഷക സംഘവും നല്‍കുക.
ഇങ്ങനെ നിരവധി ഹര്‍ജികള്‍ നല്‍കിയാല്‍, കേസിന്റെ വിചാരണ നീണ്ട് പോകുമെന്നാണ് ദിലീപിന്റെ കണക്കുകൂട്ടല്‍. അതേ രീതിയില്‍ത്തന്നെയാണ്, പ്രത്യേക കോടതിയില്‍ കേസ് വിചാരണ തുടങ്ങുന്നതിന് മുമ്പ് തെളിവുകള്‍ കൈമാറണമെന്നതടക്കം നിരവധി ഹര്‍ജികള്‍ ദിലീപ് കീഴ്‌ക്കോടതികളില്‍ നിന്ന് സുപ്രീംകോടതി വരെ വിവിധ കോടതികളിലായി നല്‍കിയത്. കേസിലെ പ്രതികളെല്ലാവരും ചേര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി നല്‍കിയത് നാല്‍പ്പത് ഹര്‍ജികളാണ്.
കേസ് വിചാരണ വൈകിക്കാനുള്ള ഈ മനഃപ്പൂര്‍വമായ നീക്കം പ്രോസിക്യൂഷനും മുന്‍കൂട്ടി കാണുന്നുണ്ട്. അതിന്റെ ഭാഗമായാണ് മെമ്മറി കാര്‍ഡ് തെളിവാണോ തൊണ്ടിമുതലാണോ എന്നതില്‍ സംശയനിവാരണം തേടി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ കേസില്‍ നടിയെത്തന്നെ കക്ഷി ചേര്‍ത്തതും, കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടതും.
അതിന്റെ ഭാഗമായി മെമ്മറി കാര്‍ഡോ അതിലെ ദൃശ്യങ്ങളോ ദിലീപിന് കൈമാറില്ലെന്നും, പ്രത്യേക സുരക്ഷയൊരുക്കി പ്രോസിക്യൂഷന്റെയും പോലീസിന്റെയും സാന്നിധ്യത്തില്‍ത്തന്നെ ദൃശ്യങ്ങള്‍ ദിലീപിന് പരിശോധിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ബലാത്സംഗം അതിജീവിച്ച യുവതിയുടെ സുരക്ഷയും സ്വകാര്യതയുമാണ് അതിപ്രധാനം എന്ന് വ്യക്തമാക്കുന്ന ഉത്തരവായിരുന്നു അത്. അതിനൊപ്പം കേസ് വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
വിടുതല്‍ ഹര്‍ജിയുടെ വിചാരണാ വേളയില്‍ കുറച്ചു കൂടി സമയം വേണം വാദഗതികള്‍ ഉന്നയിക്കാനെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. എന്നാല്‍ കേസിന്റെ വിചാരണ തീര്‍ക്കാന്‍ ആകെ ആറ് മാസമാണ് സമയമുള്ളതെന്നും, വെറുതെ കോടതിയുടെ സമയം കളയരുതെന്നും ശക്തമായ ഭാഷയില്‍ത്തന്നെ പ്രത്യേക കോടതി ജഡ്ജി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഗുരുതരമായ ചില ആരോപണങ്ങളും ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചുവത്രെ.

Post a Comment

0 Comments