പരപ്പ മുണ്ടത്തടം സമരം: ജില്ലാ കളക്ടറെ കൈക്കൂലിക്കാരനായി ചിത്രീകരിച്ചതിനെതിരെ പരാതി


കാസര്‍കോട്: പരപ്പ വില്ലേജില്‍ മുണ്ടത്തടം കരിങ്കല്‍ ക്വാറിക്കും ക്രഷറിനുമെതിരെ സമരസമിതി കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണാസമരത്തില്‍ പ്രസംഗിച്ച ബി.ജെ.പി നേതാവ് ജില്ലാ കളക്ടര്‍ കൈക്കൂലിക്കാരനാണെന്ന് പ്രസംഗിച്ചതിനെതിരെ പരാതി.
ചിറ്റാരിക്കാല്‍ സ്വദേശി ടി.വി.പ്രിയേഷാണ് കളക്ടര്‍ കൈക്കൂലിക്കാരനാണെന്ന് പ്രസംഗിച്ച പരപ്പയിലെ വ്യാപാരിയും ബി.ജെ.പി നേതാവുമായ വര്‍ണ്ണം പ്രമോദിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. പ്രസ്തുതപരാതി അനന്തര നടപടികള്‍ക്കായി കളക്ടര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി.
മുണ്ടത്തടം ക്വാറി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഏതാനും മാസം അടച്ചിട്ടിരുന്നു. തുടര്‍ന്ന് കളക്ടര്‍തന്നെ അന്വേഷണ സംഘത്തെ നിയോഗിച്ചു. എല്ലാ നിബന്ധനകളും പാലിച്ച് നിയാനുസൃതമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ക്രഷറിന്റെ നിര്‍മ്മാണം നടക്കുന്നതെന്നും അന്വേഷണകമ്മീഷന്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്വാറി തുറന്നുപ്രവര്‍ത്തിക്കാനും ക്രഷറിന്റെ നിര്‍മ്മാണം തുടരാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ക്വാറി രണ്ടാഴ്ചമുമ്പ് പ്രവര്‍ത്തനം തുടങ്ങി. ഇതിനെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും പ്രസംഗിച്ച പ്രമോദ് വര്‍ണ്ണം കളക്ടര്‍ കൈക്കൂലിവാങ്ങിയാണ് ക്വാറി തുറക്കാന്‍ അനുമതിനല്‍കിയതെന്ന് ആരോപിച്ചു. ഇത് പ്രാദേശിക ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. ടെലിവിഷന്‍ പ്രേക്ഷകനാണ് വര്‍ണ്ണം പ്രമോദിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മാസങ്ങളായി പരപ്പയില്‍ സത്യാഗ്രഹസമരം നടക്കുന്നുണ്ട്.

Post a Comment

0 Comments