ഗുണ്ടായിസത്തിനെത്തിയ കൊലക്കേസ് പ്രതി പോലീസിനെ കണ്ട് മതില്‍ ചാടുന്നതിനിടെ കാലൊടിഞ്ഞു


നീലേശ്വരം: രാജാ റോഡിലെ കടയിലെത്തി ഉടമയെ ഭീഷണിപ്പെടുത്തിയ കൊലക്കേസ് പ്രതി പോലീസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെടുന്നതിന് മതില്‍ ചാടുന്നതിനിടയില്‍ വീണ് കാലൊടിഞ്ഞു.
പേരോല്‍ മൂന്നാം കുറ്റിയിലെ പ്രകാശന്റെ കാലാണ് മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒടിഞ്ഞത്. കഴിഞ്ഞ ദിവസം ബസ്സ്റ്റാന്റിന് സമീപത്തെ എം.കെ.സ്റ്റോഴ്‌സിലാണ് പ്രകാശന്‍ ഗുണ്ടായിസം കാണിച്ചത്. ഇതിനിടയില്‍ ഉടമ സംഭവം നീലേശ്വരം പോലീസില്‍ അറിയിച്ചു. പോലീസ് വരുന്നതുകണ്ട് പ്രകാശന്‍ ബൈക്ക് ഉപേക്ഷിച്ച് ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാല്‍ ഒടിഞ്ഞത്. ചികിത്സ തേടിയ പ്രകാശന്‍ പിന്നീട് കട ഉടമയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി. തന്റെ കാല്‍ കട ഉടമയും സഹോദരനും ചേര്‍ന്ന് തല്ലി ഒടിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം തിരിച്ചറിയാമെന്നും കട ഉടമ പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. 2013 ല്‍ നീലേശ്വരം ബസ്റ്റാന്റിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ മൂന്നാം കുറ്റിയിലെ പത്മനാഭന്റെ മകന്‍ ജയകുമാറിനെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി തോട്ടില്‍ തള്ളിയ കേസില്‍ ഒന്നാം പ്രതിയാണ് പ്രകാശന്‍. ഈ കേസ് ഇപ്പോള്‍ ജില്ലാ കോടതിയില്‍ വിചാരണയിലാണ്.

Post a Comment

0 Comments