തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച


നീലേശ്വരം : തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച.
ക്ഷേത്ര ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തു കടന്നാണ് മോഷണം. ശ്രീകോവിലിന്റെ പൂട്ടു പൊളിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നതും ശ്രീകോവിലില്‍ സൂക്ഷിച്ചതുമായ 15 പവനില്‍ അധികം സ്വര്‍ണാഭരണങ്ങളും നാലമ്പലത്തില്‍ സൂക്ഷിച്ചിരുന്ന പതിനയ്യായിരത്തോളം രൂപ, ക്ഷേത്ര ഭണ്ഡാരം എന്നിവയാണ് കവര്‍ച്ച ചെയ്തത്. പണം എടുത്ത ശേഷം ഭണ്ഡാരം ക്ഷേത്രസമീപം തന്നെ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു.
കിരീടം, കാശുമാല ഉള്‍പ്പെടെയുള്ള സ്വര്‍ണ മാലകള്‍, മിന്നി ഉള്‍പ്പെടെയുള്ള ചെറു ആഭരണങ്ങള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ക്ഷേത്ര ഭണ്ഡാരത്തില്‍ പതിനയ്യായിരത്തിലധികം രൂപയുണ്ടായിരുന്നതായി കരുതുന്നു. പണമെടുത്ത ശേഷം ഭണ്ഡാരം സമീപത്തു തന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ആഭരണങ്ങള്‍ അധികവും ഭക്തരും ക്ഷേത്ര നടത്തിപ്പുകാരായ കുടുംബ ട്രസ്റ്റില്‍ പെട്ടവരുടെയും പ്രാര്‍ത്ഥന വഴിപാട് സമര്‍പ്പണമായതിനാല്‍ കൃത്യമായ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ലെന്നു ക്ഷേത്രം ട്രസ്റ്റി പടന്നക്കാട് നമ്പ്യാര്‍ക്കാലിലെ രാമന്‍ കാനത്തായര്‍ പറഞ്ഞു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ഇദ്ദേഹം തന്നെയാണ് ശ്രീകോവിലിന്റെ പൂട്ടുപൊളിച്ചതായി കണ്ടത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തും. ജനവാസ കേന്ദ്രത്തിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കവര്‍ച്ചാ വിവരമറിഞ്ഞു നിരവധി പേര്‍ ക്ഷേത്രത്തിലെത്തി.

Post a Comment

0 Comments