ഭൂശാസ്ത്രജ്ഞര്‍ ഒത്തുചേരുന്നു


കാസര്‍കോട്: ഗവ. കോളേജ് ജിയോളജി അലുമിനി കുടുംബ സംഗമം നാളെ . ലോകത്താകമാനം വ്യാപിച്ച് കിടക്കുന്ന കാസര്‍കോട് ഗവ. കോളേജില്‍ പഠിച്ച ജിയോളജി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരു വട്ടം കൂടി കുടുംബ സമേതം കുഞ്ഞിമാവിന്റടിയില്‍ എന്നറിയപ്പെട്ട ഈ പ്രദേശത്തെ കലാ ക്ഷേത്രത്തില്‍ ഒത്തുകൂടുന്നു.
നാളെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സംഗമം. 1962 മുതല്‍ 2019 വരെ പഠിച്ചവര്‍ ഓര്‍മ്മകള്‍ അയവിറക്കാനായി ഇവിടെ എത്തുന്നു. ആദ്യത്തെ ജിയോളജി അദ്ധ്യാപകനായ പരേതനായ പ്രൊഫ. കെ പി രാമചന്ദ്രന്‍ നായരെ അനുസ്മരിച്ച് നെടുമങ്ങാട് ഗവ.കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ.എസ് മോഹന്‍കുമാറും പരേതനായ പ്രൊഫ. ടി.സി. മാധവപ്പണിക്കരെ അനുസ്മരിച്ച് സുപ്രസിദ്ധ നാടക സിനിമാ വിദ്യാഭ്യാസ പ്രവര്‍ത്തകനും ആദ്യകാല അദ്ധ്യാപകനുമായ പ്രൊഫ. ജി. ഗോപാലകൃഷ്ണനും പ്രഭാഷണങ്ങള്‍ നടത്തും. ചടങ്ങില്‍ രണ്ടുപേരെയും ആദരിക്കും. പ്രിന്‍സിപ്പല്‍ ഡോ.എ.എല്‍ അനന്തപത്മനാഭന്‍ അദ്ധ്യക്ഷനായിരിക്കും. വിദ്യാഭ്യാസ മേഖലയില്‍ അമ്പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തന നിരതനായിരിക്കുന്ന പ്രൊഫ.ജി ഗോപാലകൃഷ്ണന് ഉപഹാരം നല്‍കും. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, എണ്ണപ്രകൃതി വാതക കമ്മീഷന്‍, ഭൂജല സര്‍വെ, ബഹിരാകാശ ഗവേഷണ കേന്ദ്രം, കോളേജുകള്‍, യൂണിവേഴ്‌സിറ്റി, ഗോവയിലെ അന്റാര്‍ട്ടിക്ക ഗവേഷണ കേന്ദ്രം, ഭൗമശാസ്ത്ര പഠന കേന്ദ്രം, സമുദ്ര സര്‍വ്വെ, ജല വിഭവ വിനിമയ കേന്ദ്രം , ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞര്‍ കുടുംബ മേളയില്‍ പങ്കെടുക്കും. കവികള്‍, സാഹിത്യകാരന്മാര്‍, പോലീസ് ഓഫീസര്‍മാര്‍, വിവിധ ബാങ്കുകള്‍, ജുഡിഷ്യറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളും സംഗമത്തില്‍ അണിചേരും. ജിയോളജി പഠനത്തില്‍ മികവ് കാട്ടിയ വര്‍ക്കുള്ള പ്രൊഫ. ടി സി. മാധവപ്പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പെടെ പല അവാര്‍ഡുകളും വിതരണം ചെയ്യും.ബി എസ് സി, എം എസ്.സി ജിയോളജി പഠനത്തിന് അടിസ്ഥാന യോഗ്യതയില്‍ ഏറ്റവും മികവ് കാട്ടിയ കുട്ടികള്‍ക്കു മുന്‍ കേരള ചീഫ് സെക്രട്ടറിയും ഗവ.കോളെജ് ജിയോളജി പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ. എം.വിജയനുണ്ണി നമ്പ്യാര്‍ അയ്യായിരം രൂപ വീതം കുട്ടികള്‍ക്ക് നല്‍കും.

Post a Comment

0 Comments