വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടം: വരച്ചു വയ്ക്കല്‍ നാളെ


നീലേശ്വരം : 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകത്തില്‍ നാളെ സുപ്രധാന ചടങ്ങായ വരച്ചുവെക്കല്‍ നടക്കും.
പെരുങ്കളിയാട്ടത്തില്‍ വടയന്തൂര്‍ ഭഗവതി, പടക്കെത്തി ഭഗവതി, ക്ഷേത്രപാലകന്‍ തെയ്യങ്ങളുടെ കോലക്കാരനെ വരച്ചുവെക്കലിലൂടെ നിശ്ചയിക്കും. ദേവിയുടെ മംഗലക്കുഞ്ഞുങ്ങളായി വ്രതമിരിക്കുന്ന ബാലികമാരുടെ മംഗലമുഹൂര്‍ത്തവും പ്രധാന തെയ്യക്കോലങ്ങളുടെ പുറപ്പാട് മുഹൂര്‍ത്തവും കുറിക്കും. പെരുങ്കളിയാട്ടം കഴിയുന്നതു വരെ ആചാരസ്ഥാനികരും കോലധാരികളും കഴകത്തില്‍ താമസിക്കും.
കഴകത്തിലെ വടക്കേംവാതിലില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ കുച്ചിലില്‍ താമസിച്ച് തിനയരി കഞ്ഞിമാത്രം കുടിച്ച് പ്രധാന കോലധാരികള്‍ വ്രതമിരിക്കും. കോലധാരികള്‍ക്കും കന്നിക്കലവറയിലേക്കും വല്ലത്തിലേക്കും ആവശ്യമായ തഴപ്പായ, വല്ലപ്പായ എന്നിവ കരുവാച്ചേരി പതിക്കാല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിക്കും. ഫെബ്രുവരി 4 മുതല്‍ 11 വരെയാണ് പെരുങ്കളിയാട്ടം.

Post a Comment

0 Comments