പെരുങ്കളിയാട്ടത്തിന് ആഘോഷപൂര്‍വ്വം കവുങ്ങ് കൊണ്ടുവന്നു


നീലേശ്വരം: വിശ്വാസങ്ങളുടെ അടിത്തറയും താങ്ങുമായി പ്രവര്‍ത്തിക്കുന്നത് സൗഹൃദവും സാഹോദര്യവും മാനവിക ഐക്യവുമാണെന്ന മഹാസന്ദേശം വെളിപ്പെടുത്തുന്നതായിരുന്നു നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി നടന്ന കവുങ്ങ് കൊണ്ടുവരല്‍ ചടങ്ങ്.
വന്‍ ജനാവലിയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ ആരവം മുഴക്കിക്കൊണ്ടാണ് ചടങ്ങ് നടന്നത്.
പാലായി അയ്യാങ്കുന്നത്ത്, പാലാ കൊഴുവല്‍ കാവുകളിലെ കോയ്മ അവകാശമുള്ള നെച്ചിക്ക കുറുവാട്ട് തറവാട്ടുകാര്‍ നിര്‍ദ്ദേശിച്ച ലക്ഷണമൊത്ത കവുങ്ങാണ് ആചാരപരമായ ചടങ്ങുകളോടെ മുറിച്ചെടുത്തത്. കഴകത്തിലെ പ്രധാന ദേവതമാരുടെ തിരുമുടി ചുമക്കാന്‍ ഈ കവുങ്ങാണ് ഉപയോഗിക്കുക. മുറിച്ചെടുത്ത കവുങ്ങ് പാലായില്‍ നിന്ന് ആചാരപരമായ ചടങ്ങുകളോടെ ശ്രീ വേട്ടക്കൊരുമകന്‍ കൊട്ടാരം, പാടാര്‍ക്കുളങ്ങര ഭഗവതീ ക്ഷേത്രം, അങ്കക്കളരി, എന്നിവടങ്ങളിലെ ആചാര സ്ഥാനികര്‍ ,വാല്യക്കാര്‍, കമ്മറ്റിക്കാര്‍ ,പാലായി ദേശക്കാര്‍ എന്നിവര്‍ മെയ്യ്ച്ചുമടായി വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വടയന്തൂര്‍ കഴകത്തിലെക്ക് എത്തിച്ചു. ഘോഷയാത്രയ്ക്ക് വഴി നീളെ ആവേശം നിറഞ്ഞ സ്വീകരണം ലഭിച്ചു. വിവിധ ദേശക്കാര്‍ പാനീയങ്ങളും പഴങ്ങളും അപ്പവും യാത്രാംഗങ്ങള്‍ക്ക് നല്‍കി.
പേരോല്‍ ഖുവ്വത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയും സെന്റ് പീറ്റേര്‍സ് ദേവാലയക്കമ്മിറ്റിയും വള്ളിക്കുന്ന മഹേശ്വര ക്ഷേത്രക്കമ്മിറ്റിയും നല്‍കിയ സ്വീകരണം വികാരവായ്‌പോടെയാണ് യാത്രാംഗങ്ങള്‍ സ്വീകരിച്ചത്.നീലേശ്വരത്തെ വിവിധ ജനവിഭാഗങ്ങള്‍ക്ക് പരസ്പരമുള്ള സൗഹാര്‍ദ്ദം അറിയിക്കുന്നതായി ഈ സ്വീകരണങ്ങള്‍. പെരുങ്കളിയാട്ടത്തിന്റെ മാനവിക സന്ദേശം യാത്രാംഗങ്ങളും ദേശക്കാരും ഹൃദയത്തില്‍ ഏറ്റുവാങ്ങുന്ന അവസരമായി കവുങ്ങ് കൊണ്ടുവരല്‍ ഘോഷയാത്ര.

Post a Comment

0 Comments