പാക്കിസ്ഥാനില്‍ ഇന്ത്യക്കാരെ അക്രമിച്ചു; കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു


ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്കുനേരെ സംഘം ചേര്‍ന്ന് കല്ലേറും ആക്രമണവും നടത്തിയ സംഭവത്തില്‍ അപലപിച്ച് ഇന്ത്യ. ഗുരുദ്വാരയ്ക്കുനേരെ നൂറുകണക്കിന് ആളുകളാണ് കല്ലെറിഞ്ഞത്. ഇതേത്തുടര്‍ന്ന് വിശ്വാസികള്‍ ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങി. സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്.
സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അകാലിദള്‍ എം.എല്‍.എ മഞ്ജീന്ദര്‍ സിംഗ് സിര്‍സ പുറത്തുവിട്ടു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥിച്ചു. പാകിസ്ഥാനില്‍ ഇത്തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് അവിടുത്തെ സിഖ് വിഭാഗക്കാരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദ്വാരയുടെ ചുമതല വഹിക്കുന്നയാളുടെ മകളെ മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയി സിഖ് മതത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളോടെയാണ് നൂറ് കണക്കിന് വരുന്ന മുസ്ലിങ്ങള്‍ പ്രതിഷേധവുമായി നങ്കണ സാഹിബ് ഗുരുദ്വാരക്ക് കല്ലെറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആള്‍ക്കൂട്ടം ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Post a Comment

0 Comments