മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാസൂസ് ബിന്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്തെ പൊതുസ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഒമാനില്‍ 40 ദിവസമാണ് ഔദ്യോഗിക ദുഃഖാചരണം. ഇക്കാലയളവില്‍ ദേശീയപാതക പകുതി താഴ്ത്തിക്കെട്ടും. ഇന്നലെ രാത്രിയാണ് ഒമാന്‍ ഭരണാധികാരി അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടു.
അറബ് ലോകത് ഏറ്റവും കൂടുതല്‍ കാലം ഭരണ തലപ്പത്തിരുന്ന വ്യക്തിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് ഒമാന്റെ ഭരണസാരഥ്യം ഏറ്റെടുത്ത് അമ്പതാം വര്‍ഷത്തിലാണ് വിടപറയുന്നത്. ഒമാന്‍ എന്ന രാജ്യത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ ഭരണാധികാരി അഞ്ചുവര്‍ഷത്തിലേറെയായി അര്‍ബുദ രോഗബാധിതനായിരുന്നു. 2014 ഓഗസ്റ്റില്‍ ഇദ്ദേഹം ജര്‍മനിയിലേക്ക് പോകുകയും എട്ടു മാസത്തെ ചികിത്സക്ക് ശേഷം 2015 മാര്‍ച്ചില്‍ രാജ്യത്ത് മടങ്ങിയെത്തുകയും ചെയ്തു . തുടര്‍ന്ന് സജീവമായി ഭരണ കാര്യങ്ങളില്‍ ഇടപെട്ടു വരികയായിരുന്നു.
എന്നാല്‍ ഡിസംബര്‍ മാസമാദ്യത്തോടെ രോഗം മൂര്‍ച്ഛിക്കുകയും ചികിത്സക്കായി ഡിസംബര്‍ ഏഴിന് സുല്‍ത്താന്‍ ഖാബൂസിനെ ബെല്‍ജിയത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. ജനുവരി അവസാനം വരെ ചികിത്സക്കായി ബെല്‍ജിയത്തില്‍ തങ്ങാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും നില വഷളാകുന്നതിനാല്‍ അദ്ദേഹത്തെ മസ്കത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. വിശ്രമത്തില്‍ കഴിയവെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. പിതാവില്‍ നിന്നാണ് അദ്ദേഹം ഒമാന്റെ ഭരണമേറ്റെടുത്തത്. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം, ആരോഗ്യം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം ഒമാന്‍ ഇക്കാലയളവില്‍ വളര്‍ച്ച കൈവരിച്ചു.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ 18ന് സലാലയിലായിരുന്നു ജനനം. അവിവാഹിതനാണ്. പുണെയിലും സലാലയിലുമായി പ്രാഥമികവിദ്യാഭ്യാസം നേടിയ സുല്‍ത്താന്‍ ഇന്ത്യയുമായി എന്നും സവിശേഷബന്ധം പുലര്‍ത്തിയ വ്യക്തിയാണ്. അറബ് ലോകത്തെ സമാധാന ദൂതന് കൂടിയായിരുന്നു അദ്ദേഹം. നേരത്തെ അമേരിക്ക-ഇറാന് പ്രശ്നം ഉണ്ടായപ്പോള്‍ സുല്‍ത്താന്‍ ഖാബൂസ് ഇടപെട്ടു സമാധാനം ഉറപ്പുവരുത്തി.
സ്വദേശികള്‍ക്കു പുറമെ ഒമാനിലെ ലക്ഷകണക്കിന് വരുന്ന മലയാളികള്‍ ഉള്‍പെടുന്ന പ്രവാസി സമൂഹത്തിന് മികച്ച ജീവിത സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയ രാജാവിന്റെ വിയോഗത്തിലൂടെ പ്രിയങ്കരനായ ഭരണാധികാരിയെയാണ് ഒമാന്‍ നഷ്ടമായത്.
0 Comments