വനിതാ ഹോസ്റ്റല്‍, സെന്‍ട്രല്‍ ലൈബ്രറി ഉദ്ഘാടനം


പെരിയ: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ ഇന്ത്യയുടെ 71-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് റിപ്പബ്ലിക് സന്ദേശം നല്‍കുകയും ചെയ്തു.
ചടങ്ങില്‍ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ ബാബു ജഗജീവന്‍ റാം ഛാത്രാവാസ് യോജനയുടെ കീഴില്‍ നിര്‍മ്മിച്ച വനിതാ ഹോസ്റ്റല്‍ ഉല്‍ഘാടനവും, സെന്‍ട്രല്‍ ലൈബ്രറി മന്ദിരം, കേന്ദ്രസാമൂഹ്യ നീതി മന്ത്രാലയത്തിന്റെ ഒ. ബി. സി. സ്‌കീമിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന രണ്ട് ഹോസ്റ്റലുകളുടെ ശിലാസ്ഥാപനവും വൈസ് ചാന്‍സലര്‍ നിര്‍വ്വഹിച്ചു. പ്രോ വൈസ്ചാന്‍സലര്‍ പ്രൊഫ. കെ. ജയപ്രസാദ് അധ്യക്ഷതവഹിച്ചു.
ഫിനാന്‍സ് ഓഫീസര്‍ ഡോ. ബി. ആര്‍. പ്രസന്നകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി. ജയരാജന്‍, സര്‍വ്വകലാശാല ഡെപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. പി. സെന്തില്‍ കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പുതുതായി ഉദ്ഘാടനം ചെയ്ത വനിതാ ഹോസ്റ്റലില്‍ നൂറുപേര്‍ക്കുള്ള താമസ സൗകര്യം ലഭ്യമാകും. പുതുതായി നിര്‍മ്മിക്കുന്ന പുരുഷ-വനിതാ ഹോസ്റ്റുകളില്‍ 100 ആണ്‍കുട്ടികള്‍ക്കും 100 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ലഭിക്കുന്നതാണ്. പുതായി നിര്‍മ്മിക്കുന്ന സെന്‍ട്രല്‍ ലൈബ്രറിക്ക് 42000 ചതുരശ്രഅടി വിസ്ത്രീര്‍ണ്ണം ഉണ്ടായിരിക്കും. ലൈബ്രറി പൂര്‍ണ്ണമായും ശീതികരിച്ചതായിരിക്കും. ലൈബ്രറിയോടനുബന്ധിച്ച് 250 പേര്‍ക്ക് പങ്കെടുക്കാവുന്ന ഓഡിറ്റോറിയവും 25 പേര്‍ക്ക് പങ്കെടുക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഉണ്ടായിരിക്കും. ലൈബ്രറിയുടെയും ഹോസ്റ്റലുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത അധ്യയനവര്‍ഷം പൂര്‍ത്തിയാകും. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളോടെ ചടങ്ങുകള്‍ അവസാനിച്ചു. സ്റ്റുഡന്‍സ് വെല്‍ഫയര്‍ ഡീന്‍ ഡോ. എ. മാണിക്യവേലു നന്ദി പറഞ്ഞു.

Post a Comment

0 Comments