നീലേശ്വരം ജയന്‍ വധം: സാക്ഷി വിസ്താരം പൂര്‍ത്തിയായി


കാസര്‍കോട്: നീലേശ്വരം ബസ്റ്റാന്റിലെ ബാര്‍ബര്‍ഷാപ്പ് ഉടമ പേരോല്‍ മൂന്നാം കുറ്റിയിലെ പത്മനാഭന്റെ മകന്‍ ജയനെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി വിസ്താരം ജില്ലാ അഡീ. സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി.ഫെബ്രുവരി 4,5, തീയ്യതികളില്‍ ഉദ്യോഗസ്ഥരുടെ വിസ്താരം നടക്കും.
സ്വത്ത് ബ്രോക്കര്‍ മൂന്നാംകുറ്റിയിലെ പ്രകാശന്‍, പള്ളിക്കരയിലെ സുധീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. 2013 ജൂണ്‍ 16 ന് രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്. സ്വത്ത് സംബന്ധമായ ഇടപാടില്‍ പ്രകാശന്‍ ജയന് പണം നല്‍കാനുണ്ടായിരുന്നു. പ്രകാശനും ജയനും സുഹൃത്തുക്കളായിരുന്നു. മദ്യപിച്ചിരിക്കുന്നതിനിടയില്‍ ജയന്‍ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ജയന്‍ ഷെഡില്‍ തന്നെ മദ്യലഹരിയില്‍ കിടന്നുറങ്ങി. പിന്നീട് പ്രകാശനും സുധീഷും ചേര്‍ന്ന് ജയനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൂന്നാം കുറ്റിയിലെ തോട്ടിലെ വെള്ളത്തില്‍ മുക്കുകയായിരുന്നു. പിറ്റേ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. അന്ന് നീലേശ്വരം സിഐ ആയിരുന്ന ടി.എന്‍.സജീവനാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്തത്.
കേസില്‍ മൊത്തം 42 സാക്ഷികളാണ് ഉണ്ടായിരുന്നത് ഇതില്‍ 22 പേരെ മാത്രമാണ് വിസ്തരിച്ചത്.

Post a Comment

0 Comments