തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുംകളിയാട്ടത്തിനൊരുങ്ങി


നീലേശ്വരം: കാല്‍നൂറ്റാണ്ടിനു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തെ ചരിത്ര സംഭവമാക്കി മാറ്റാന്‍ നാടൊരുങ്ങി.
ഫെബ്രുവരി 4 മുതല്‍ 11 വരെയാണ് നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകത്തില്‍ പെരുങ്കളിയാട്ടം നടക്കുന്നത്. എട്ടു ദിവസങ്ങളിലായി നടക്കുന്ന പെരുംകളിയാട്ടത്തില്‍ അറുപതോളം തെയ്യകോലങ്ങള്‍ അരങ്ങിലെത്തും. എല്ലാ ദിവസവും ചെറളത്ത് ഭഗവതി, പാടാര്‍ കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍ ഉണ്ടാകും. മഹാഗണപതി ഹോമത്തോടെ ഫെബ്രുവരി 4 ന് പെരുംകളിയാട്ടത്തിന് തുടക്കമാകും. എല്ലാ ദിവസങ്ങളിലും രണ്ടു നേരം അന്നദാനമുണ്ടാകും. ഒരു ലക്ഷത്തിലേറെ ഭക്തര്‍ക്കുള്ള അന്നദാനത്തിന്റെ ഒരുക്കങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വിശാലമായ വാഹന പാര്‍ക്കിങ്ങ് സൗകര്യവും രാജാസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിനോട് ചേര്‍ന്ന് ഒരേ സമയം ആയിരം പേര്‍ക്ക് ഇരിക്കാനുള്ള ഭക്ഷണശാലയുടെയും കന്നി കലവറയുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. സതീശന്‍ നമ്പ്യാര്‍ ചെയര്‍മാനും പി.വിശൈലേശ് ബാബു ജനറല്‍ കണ്‍വീനറുമായ ഉത്സവാഘോഷ കമ്മറ്റിയാണ് പെരുങ്കളിയാട്ടത്തിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. ഒരു കോടിയോളം രൂപയാണ് ഉത്സവത്തിന്റെ ചിലവു പ്രതീക്ഷിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഉത്സവം വിജയിപ്പിക്കാന്‍ കൈമെയ് മറന്നുള്ള പ്രവര്‍ത്തനങ്ങളിലാണ് നാട്ടുകാര്‍ ഒന്നടങ്കം. സമാപന ദിവസം മംഗലം കുഞ്ഞുങ്ങള്‍ക്കൊപ്പം പടക്കത്തി ഭഗവതി, ക്ഷേത്രപാലകന്‍, വടയന്തൂര്‍ ഭഗവതി എന്നീ പ്രധാന കോലങ്ങള്‍ അരങ്ങിലെത്തും.

Post a Comment

0 Comments