അജാനൂര്‍: അജാനൂര്‍ ഗ്രാമ പഞ്ചയാത്തിലൂടെ കടന്നുപോകുന്ന മൂലക്കണ്ടം-വെള്ളിക്കോത്ത് -മഡിയന്‍ റോഡ് നവീകരണത്തിനായി കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്കി.
4.97 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുളളത്. നിലവില്‍ 3.5 മീറ്റര്‍ വീതിയാണുള്ളത്. 4.2 കി.മീ.നീളമുളള റോഡിന് 5.5 മീറ്റര്‍ വീതിയും 380 മി.മീ ഘനവും നല്‍കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്. ഈ പദ്ധതിയില്‍ ബി.എം & ബി.സി പോലുളള ഘടനാപരമായ പാളികള്‍ ഉപയോഗിച്ച് പാത നവീകരിക്കാനാണ് തീരുമാനം. പൊതുമരാമത്ത് റോഡ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള പദ്ധതിയില്‍ സിസി ഡ്രൈനേജ്, കള്വേട്സ് തുടങ്ങിയവയും നിര്‍മ്മിക്കുന്നുണ്ട്. കൂടാതെ ആകെയുളള 4.2 കി.മീ. നീളത്തില്‍ 1 കി.മീ. ഷ്രെഡ്രഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് റോഡ് ടാര്‍ ചെയ്യുക. ബിറ്റുമിനസ് മിശ്രിതത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യവും ചേര്‍ത്ത് റോഡ് നിര്‍മ്മിക്കുന്ന രീതിയാണിത്. പ്ലാസ്റ്റിക് റോഡ് നിര്‍മ്മാണം മാലിന്യ പ്ലാസ്റ്റിക് മാനേജ്മെന്റിന് വളരെയധികം ഗുണകരവും ഗ്രീന്‍ പ്രോട്ടോകോളിനെ ശക്തിപ്പെടുത്തുന്നതുമാണ്.
ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, പൊതുമരാമത്ത് റോഡ്സ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് കുമാര്‍, മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments