നീലേശ്വരം : ദേശീയപാതയിലെ കരുവാച്ചേരിയില്‍ റോഡ് അരികില്‍ നിര്‍ത്തിയിട്ട കൂറ്റന്‍ ചരക്കുലോറി ദുരൂഹത ഉയര്‍ത്തുന്നു.
വാഹന ലോഡ് ഇറക്കി നീലേശ്വരം ഭാഗത്തേക്കു വരികയായിരുന്ന കൂറ്റന്‍ ചരക്കുലോറിയാണ് റോഡ് അരികില്‍ ടയറുകള്‍ ഊരിക്കൊണ്ടു പോയ നിലയില്‍ ഉള്ളത്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. ചെത്ത് കല്ലുവച്ച് ഉയര്‍ത്തി നിര്‍ത്തി ലോറിയുടെ ആറ് ടയറുകളും ഊരിക്കൊണ്ടുപോയ നിലയിലാണ്. ടയര്‍ ഒന്നിന് പതിനയ്യായിരത്തോളമാണ് വില. മോഷണമാണെങ്കില്‍ ഒരു ലക്ഷം രൂപ നഷ്ടം വരും.
അതേസമയം, ഇതുവരെയായി ആരും ഇതു സംബന്ധിച്ചു നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. ലോറിയിലെ തൊഴിലാളികളെയും കാണാനില്ല. നാഗാലാന്‍ഡ് രജിസ്ട്രേഷനില്‍ എന്‍എല്‍ 01 എഡി 5671 നമ്പറിലുള്ളതാണ് ലോറി. നീലേശ്വരം എസ്ഐ, രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തില്‍ ലോറിയുടെ ആര്‍സി ഉടമകളെ കണ്ടെത്തി ബന്ധപ്പെടാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്.
ലോറി രണ്ടാഴ്ചയോളമായി ഇതേ നിലയില്‍ ഇവിടെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഡ്രൈവര്‍ അടുത്ത ദിവസം വരെ സ്ഥലത്തുണ്ടായിരുന്നതായും പറയുന്നു. വാഹനത്തിരക്കേറിയ ദേശീയപാതയോരത്ത് ടയറുകള്‍ ഊരി മാറ്റി ഏതു സമയവും ചെരിഞ്ഞുവീഴാവുന്ന നിലയിലാണ് ലോറി. ഇത് ഉടന്‍ സ്ഥലത്തുനിന്ന് മാറ്റിയില്ലെങ്കില്‍ അപകടമുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ്. പള്ളിക്കര മേല്‍പ്പാലം നിര്‍മ്മാണ സൈറ്റില്‍ നിന്ന് ക്രെയിന്‍ എത്തിച്ച് ലോറി റോഡ് അരികില്‍ നിന്നു മാറ്റിയിടാനുള്ള ആലോചനയിലാണ് നീലേശ്വരം പോലീസ്.
0 Comments