യുവതിയുമായുള്ള ശൃംഗാരം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം തട്ടി


കാഞ്ഞങ്ങാട് : സഹപ്രവര്‍ത്തകയുമായി നടത്തിയ വാട്‌സ് ആപ് ചാറ്റിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി അപകീര്‍ത്തിയുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷം തട്ടിയയാള്‍ക്കെതിരെ കേസ്.
കാസര്‍കോട് അണങ്കൂര്‍ ബാരിക്കാട് ഹൗസിലെ ബി. ബഷീറിനെതിരെയാണ് (37) ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. മടിക്കൈ ഏച്ചിക്കാനം മധുരക്കോട്ടെ എം.രാകേഷിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ വാഹന വില്‍പ്പന സ്ഥാപനത്തിലെ മാനേജരാണ് രാകേഷ്. കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുമായി രാകേഷ് നിരന്തരം വാട്‌സ് ആപ് ചാറ്റ് ചെയ്തിരുന്നു.
ചാറ്റ് അതിരുവിട്ടതോടെയാണെന്നു പറയുന്നു യുവതി ജോലിയില്‍ നിന്ന് പിരിഞ്ഞുപോയി.
കാസര്‍കോട് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് ചേരുകയും ചെയ്തു. ഇവിടെ നിന്ന് പരിചയപ്പെട്ട ബഷീര്‍ പെണ്‍കുട്ടിയില്‍ നിന്ന് കാര്യമറിഞ്ഞതോടെ രാകേഷുമായി ബന്ധപ്പെട്ടു. ചാറ്റിന്റെ ഉള്ളടക്കം പൊതുജനമധ്യത്തില്‍ പരസ്യപ്പെടുത്തുമെന്നും അപകീര്‍ത്തിവരുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
പല തവണകളായി ഒന്നേകാല്‍ ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. വീണ്ടും ഭീഷണി തുടര്‍ന്നതോടെയാണ് രാകേഷ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് അന്വേഷണം തുടങ്ങി. യുവതി ബഷീറിന് മുമ്പില്‍ മനസ്സുതുറന്ന സാഹചര്യം ദുരൂഹമാണ്.

Post a Comment

0 Comments