കാഞ്ഞങ്ങാട്: അജാനൂര്‍ പുതിയകണ്ടം ശ്രീമദ് പരശിവ വിശ്വകര്‍മ ക്ഷേത്രത്തില്‍ കവര്‍ച്ച.
ക്ഷേത്രമതില്‍ക്കെട്ടിനകത്ത് കാളികാദേവി ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ടു പൊളിച്ചാണ് പണം കവര്‍ന്നത്. ഇന്നുരാവിലെ ക്ഷേത്രം തുറക്കാനെത്തിയവരാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. ശ്രീകോവിലിനു മുന്നില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച ഭണ്ഡാരം നാലു മാസം മുന്‍പാണ് ക്ഷേത്ര ഭാരവാഹികളുടെ സാന്നിധ്യത്തില്‍ തുറന്നു പണമെടുത്തത്. സ്വദേശി ദര്ശന് പദ്ധതിയുടെ ശിലാസ്ഥാപനത്തിനായി ഞായറാഴ്ച വൈകീട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ക്ഷേത്രത്തില്‍ എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ എത്തിയതിനാല്‍ ഭണ്ഡാരത്തിലും ധാരാളം കാണിക്ക ലഭിച്ചിരുന്നു. ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ മതില് പല ഭാഗത്തും പൊളിച്ചിട്ട നിലയിലാണ്. ഇതുവഴിയാകാം മോഷ്ടാവ് അകത്തെത്തിയതെന്നു കരുതുന്നു. ഇതേ ഭണ്ഡാരം മാസങ്ങള്‍ക്കു മുമ്പ് കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രതിയെ ദിവസങ്ങള്‍ക്കകം പോലീസ് കുടുക്കുകയും ചെയ്തിരുന്നു. ക്ഷേത്രം പ്രസിഡന്റ് പി.കെ.രാമകൃഷ്ണന് ആചാരിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
0 Comments