ബി.ജെ.പിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ച നാസര്‍ കൂടത്തായിക്ക് സസ്‌പെന്‍ഷന്‍


മലപ്പുറം: ബിജെപിയുടെ പൗരത്വ ബില്‍ അനുകൂല കാമ്പയ്‌നില്‍ പങ്കെടുത്ത എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സസ്‌പെന്‍ഷന്‍ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ചതിനാണ് നാസര്‍ ഫൈസിക്കെതിരെ നടപടി വന്നതെന്നാണ് സമസ്തയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നത്.
കേരളം പൊതുവിലും മുസ്ലീം സമുദായം അതിശക്തമായും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധവപരിപാടികളുമായി മുന്നോട്ട് നീങ്ങുന്നതനിടെ സമസ്തയുടെ പ്രധാന നേതാവ് തന്നെ നിയമഭേദഗതിയെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ബിജെപി പരിപാടിയില്‍ എത്തിയത് സമസ്തയുടെ പ്രവര്‍ത്തകരെ ഞെട്ടിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം നാസര്‍ ഫൈസി ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിച്ചതോടെ സംഘടന നേതൃത്വം തന്നെ പ്രതിരോധത്തിലായിരുന്നു.
ജനസമ്പര്‍ക്കപരിപാടിയുമായി നാസര്‍ ഫൈസി സഹകരിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ സമസ്ത കേരളയുടെ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാസര്‍ ഫൈസി കൂടത്തായിയെ വിളിച്ചു വരുത്തി ശകാരിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലേക്ക് വന്ന ബി.ജെ.പി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായും നാസര്‍ ഫൈസി കൂടത്തായ് പ്രതികരിച്ചു. ലഘുലേഖ നിര്‍ബന്ധിച്ചു നല്‍കിയ ബിജെപി നേതാക്കളില്‍ നിന്നും താന്‍ അതു കൈപ്പറ്റിയതും ചിത്രം പകര്‍ത്താന്‍ അവസരമൊരുക്കിയതും ജാഗ്രതക്കുറവാണെന്നും തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് എല്ലാവരോടും മാപ്പിരക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഇത്തരമൊരു വിവാദം സൃഷ്ടിച്ച് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ ശക്തമായ നടപടി വേണമെന്ന് സംഘടനാനേതാക്കള്‍ തന്നെ നിലപാട് സ്വീകരിച്ചു. കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും നാസര്‍ ഫൈസി കൂടത്തായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഇതോടെയാണ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സമസ്ത നേതൃത്വം തീരുമാനിച്ചത്. സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് കൂടാതെ സമസ്തയുടെ കീഴ്ഘടകങ്ങളിലെ എല്ലാ ഓദ്യോഗികസ്ഥാനങ്ങളില്‍ നിന്നും നാസര്‍ ഫൈസിയെ പുറത്താക്കി. സുന്നി യുവജന സംഘം സംസ്ഥാന ജോയിന്‍ സെക്രട്ടറി. കോഴിക്കോട് ജില്ലാ സെക്രട്ടറി. ജംഇയ്യത്തുല്‍ ഖുത്ബാ സംസ്ഥാന സെക്രട്ടറി തുടങ്ങിയ ഭാരവാഹിത്വം അദ്ദേഹം വഹിച്ചിരുന്നു. അതിനിടെ കൊടുവള്ളിയിലെ ഇടത് എംഎല്‍എ കാരാട്ട് റസാഖും ബിജെപി ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Post a Comment

0 Comments