കാഞ്ഞങ്ങാട്: നിയമവും ചട്ടങ്ങളും കാറ്റില്‍പ്പറത്തി കാഞ്ഞങ്ങാട് നഗരസഭയുടെ അടിയന്തിര മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന്.
അടിയന്തിര മുനിസിപ്പല്‍ കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ക്കണമെങ്കില്‍ പ്രവൃത്തിദിവസങ്ങളില്‍ 24 മണിക്കൂര്‍ സമയമെങ്കിലും വേണം. എന്നാല്‍ ഇന്നത്തെ കൗണ്‍സില്‍ യോഗത്തിന് സമയം അഞ്ചരമണിക്കൂര്‍ മാത്രമാണ്. ശുചീകരണതൊഴിലാളിയും സിപിഎം കുറുന്തൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമായ അനില്‍കുമാര്‍ മുഖേന ശനിയാഴ്ചയാണ് കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് നല്കിത്തുടങ്ങിയത്. ശനിയാഴ്ച രണ്ടാംശനി പ്രമാണിച്ച് അവധിദിനമാണ്. ഇന്നലെ ഞായറാഴ്ചയും അവധി. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അടിയന്തിര കൗണ്‍സില്‍ ചേരുന്നതെന്നാണ് നോട്ടീസിലെ അജണ്ട. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസായശേഷവും സമരപരിപാടികള്‍ ആരംഭിച്ചശേഷവും നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. പ്രസ്തുത യോഗത്തില്‍ പ്രതിഷേധപ്രമേയം അവതരിപ്പിക്കാതെ അവധിദിവസം അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചതിന്റെ പിന്നിലെ ഗൂഡലക്ഷ്യം വ്യക്തമല്ലെന്ന് ചില കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ചട്ടംലംഘിച്ചുള്ള അടിയന്തിര കൗണ്‍സില്‍ യോഗത്തിലെ പ്രതിഷേധ പ്രമേയത്തിന് പച്ചവെള്ളത്തിന്റെ വിലപോലും ഉണ്ടാവാന്‍ ഇടയില്ലെന്നും ഇവര്‍ പറയുന്നു. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഈവിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് സാധ്യത. മുസ്ലീംലീഗ് കൗണ്‍സിലര്‍മാര്‍ക്കും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചട്ടംലംഘിച്ചുള്ള അടിയന്തിരകൗണ്സിലിനെതിരെ പ്രതികരിക്കാന്‍ കഴിയില്ല. കാരണം പൗരത്വ ഭേദഗതി ബില്ലാണല്ലോ വിഷയം.
0 Comments