ദില്ലി: ജമ്മു കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍. തീവ്രവാദികളെ ദില്ലിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിംഗ് സമ്മതിച്ചെന്ന് ജമ്മു കശ്മീര്‍ ഐജി അറിയിച്ചു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദര്‍ സിംഗ് ഭീകരരില്‍ നിന്ന് പണം വാങ്ങിച്ചത്.
അതേസമയം, ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ജമ്മുകാശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റിലായ സംഭവം എന്‍ഐഎ അന്വേഷിക്കും. അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാര്‍ യാത്രയില്‍ കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരന് നവീദ് ബാബുവിനെയും സംഘത്തേയും കാശ്മീര്‍ അതിര്‍ത്തി കടക്കാന്‍ ദേവീന്ദര്‍ സിംഗ് സഹായിക്കുകയായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
കശ്മീര്‍ താഴ്വരയിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പോലീസുകാരനാണ് ദേവീന്ദര്‍ സിങ്. കൊടിയ പീഡനങ്ങളുടെയും, നിര്‍ദ്ദയമുള്ള കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരില്‍ മനുഷ്യാവകാശ സംഘടനകള്‍ എന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിട്ടുള്ള പോലീസിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ വിഭാഗമാണ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്.
0 Comments