പിലിക്കോട്: പട്ടികജാതിക്കാരനായ കെഎസ്ഇബി ലൈന്‍മാനെ ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
പിലിക്കോട് സെക്ഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മാണിയാട്ട് സ്വദേശി കെ.സഹജന്, കയ്യൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.വി.മധുസൂദനന് എന്നിവരെയാണ് കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍(എച്ച്ആര്‍ഒ)അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
പിലിക്കോട് സെക്ഷന്‍ ഓഫീസില്‍ വെച്ച് ഡിസംബര്‍ 31 ന് വൈദ്യുത വകുപ്പ് മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജാതിപ്പേര് വിളിച്ചു മര്‍ദ്ദിച്ചതായ ലൈന്മാന്റെ പരാതിയിലാണ് നടപടി. കെഎസ്ഇബി പിലിക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്മാന് ചെറുവത്തൂര്‍ വടക്കേവളപ്പിലെ എന്‍.ശ്യാമിന്റെ പരാതിയില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കെഎസ്ബിയിലെ പട്ടിക ജാതി സംഘടനയായ 'സേവ'യുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു. പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31 ന് പിലിക്കോട് കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് മുന്നിലെ റോഡില്‍ ആരോ പൊട്ടിച്ച പടക്കം ലൈന്മാന് ശ്യാം പൊട്ടിച്ചുവെന്നാരോപിച്ചാണ് മേലുദ്യോഗസ്ഥന്മാര് ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ചതെന്ന് ശ്യാം നല്കിയ പരാതിയിപ്പറഞ്ഞിരുന്നു. പരിക്കേറ്റ ശ്യാമിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിലിക്കോട് സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയരുടെ വിരമിക്കല്‍ ചടങ്ങിന് ക്ഷണിച്ചതിനെ തുടര്‍ന്ന് ഓഫീസിലെത്തിയ തന്നെ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടിച്ചു നിര്‍ത്തി ജാതിപ്പേര് വിളിച്ചു മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചന്തേര പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവം സംബന്ധിച്ച് കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പിക്ക് നല്കിയ പരാതിയില്‍ നടപടി ഉണ്ടായില്ല. പിലിക്കോട് കെഎസ്ഇബി ഓഫീസിലേക്ക് കാസര്‍കോട് ജില്ലയിലെ പുലയസമുദായ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപനം ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് തല അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്തത്.
0 Comments