മരട് ഫ്‌ളാറ്റുകള്‍ തകര്‍ന്നടിഞ്ഞു



കൊച്ചി: തീരദേശനിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച രണ്ടാമത്തെ ഫ്‌ളാറ്റും നിലപൊത്തി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ വിജയ് സ്റ്റീല്‍സ് എന്ന കമ്പനിയാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചത്. രണ്ടാമതായി 11.49ന് നടന്ന സ്‌ഫോടനത്തില്‍ ആല്‍ഫ സെറിന്റെ രണ്ട് ടവറുകളാണ് തകര്‍ന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ രണ്ട് കെട്ടിടങ്ങളും നിലംപൊത്തുകയായിരുന്നു. രണ്ട് ഫ്‌ലാറ്റുകളുടെയും പൊളിക്കല്‍ വിജയകരമായി നടന്നതോടെ മരടിലെ ഇന്നത്തെ സ്‌ഫോടനങ്ങള്‍ പൂര്‍ത്തിയായി.
നേരത്തെ, മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചത്. 11 മണിക്ക് ആദ്യത്തെ ഫ്‌ളാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താന്‍ സമയം എടുത്തതിനെ തുടര്‍ന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകര്‍ന്നടിഞ്ഞത്. ഫ്‌ളാറ്റിന്റെ അടിത്തറ താഴേക്ക് പതിയുന്ന രീതിയിലുള്ള സ്‌ഫോടനമാണ് മരടില്‍ നടന്നത്.
കേരളത്തില്‍ ഇത്തരത്തില്‍ പൊളിച്ചു നീക്കുന്ന ആദ്യ ഫ്‌ളാറ്റാണ് ഹോളിഫെയ്ത്ത്. രണ്ടാം സൈറണ്‍ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടര്‍ന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് കേരളത്തില്‍ ഒരു ഫ്‌ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഫ്‌ലാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലിലും വന്ന് പതിച്ചിട്ടുണ്ട്. ഹോളിഫെയ്ത്ത് പൊളിക്കല്‍ വിജയകരമായിരുന്നെന്ന് സ്‌ഫോടനം നടത്തിയ എഡിഫൈസ് കമ്പനി എം.ഡി മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments