അമേരിക്കയ്ക്ക് നേരെ ശക്തമായ തിരിച്ചടിക്ക് ഇറാന്‍ തയ്യാറെടുക്കുന്നു


വാഷിങ്ടണ്‍: ഇറാനിലെ ഖുദ്‌സ് ഫോഴ്‌സ് മേധാവി ജനറല്‍ ഖാസിം സുലൈമാനിലെ വധിച്ച സംഭവം അമേരിക്ക ഏറ്റവും മാരകമായ തിരിച്ചടി നേരിടാന്‍ സാധ്യതയുള്ള സൈനികനീക്കമെന്നാണു പ്രതിരോധവിദഗ്ധരുടെ വിലയിരുത്തല്‍.
ഒസാമ ബിന്‍ലാദനെയോ അബൂബക്കര്‍ അല്‍ ബഗ്ദാദിയെയോ വിദേശമണ്ണില്‍ കൊലപ്പെടുത്തിയതു പോലെയാകില്ല സുലൈമാനി വധം എന്നാണു നിരീക്ഷണം. നിലവില്‍ അതീവ സംഘര്‍ഷഭരിതമായ മേഖലയെ കൂടുതല്‍ യുദ്ധഭീതിയിലാഴ്ത്തുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ഒസാമ ബിന്‍ലാദനെയും അബൂബക്കര്‍ അല്‍ ബഗ്ദാദിയെയും ഭീകരരായാണ് ലോകശക്തികള്‍ കണ്ടിരുന്നത്. അവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജ്യങ്ങള്‍പോലും ഔദ്യോഗികമായി ആ നിലപാടാണു സ്വീകരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആ രാജ്യങ്ങളില്‍ കടന്നെത്തി അവരെ വധിച്ച അമേരിക്കയുടെ നീക്കം വലിയ തോതില്‍ ന്യായീകരിക്കപ്പെട്ടിരുന്നു.
എന്നാല്‍ സുലൈമാനി ഒരു രാജ്യത്തിന്റെ സൈനിക കമാന്‍ഡറാണ്. അമേരിക്ക മാത്രം ഭീകരനായി പരിഗണിക്കുകയും സ്വന്തം രാജ്യം ഹീറോ പരിവേഷം നല്‍കുകയും ചെയ്യുന്നയാളാണ് സുലൈമാനി. സുലൈമാനിക്കു നേരെ ആക്രമണം നടന്ന ഇറാഖും അദ്ദേഹത്തെ ഭീകരനായി കണക്കാക്കുന്നില്ല. ഇറാഖ് സര്‍ക്കാരിലെ പല ഉന്നതരും സുലൈമാനിയെ പിന്തുണയ്ക്കുന്നവരുമാണ്.
ലാദനെയോ ബഗ്ദാദിയെയോ പോലെ ഒളിച്ചല്ല സുലൈമാനി യാത്ര ചെയ്തിരുന്നത്. തന്റെ സേനാവിഭാഗം പ്രവര്‍ത്തിക്കുന്ന മേഖലയിലൂടെ തുറന്നാണ് അദ്ദേഹം സഞ്ചരിച്ചത്. ഈ സാഹചര്യത്തില്‍ സുലൈമാനിയെ വധിച്ചത് ലാദന്‍, ബാഗദാദി സംഭവങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുലൈമാനി വധത്തില്‍ ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്നാണു പ്രതിരോധ വിദഗ്ധരുടെ ഉറച്ച വിശ്വാസം. ഏത് അമേരിക്കന്‍ കേന്ദ്രമാവും ലക്ഷ്യമെന്നതു മാത്രമാണ് ചോദ്യം. ഇതിനുള്ള ഉത്തരം എത്ര കടുത്തതാകുമെന്നാണു ലോകം ആശങ്കയോടെ കാത്തിരിക്കുന്നതും.
എന്നാല്‍ ഇറാഖിലുള്ള അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെയും മറ്റു ജീവനക്കാരെയും കൊല്ലാന്‍ സുലൈമാനി പദ്ധതിയിട്ടിരുന്നുവെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ കരാറുകാരനെ കൊലപ്പെടുത്തിയത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
100 അമേരിക്കന്‍ സൈനികരും 200 യുഎസ് കരാറുകാരും ഉണ്ടായിരുന്ന സ്ഥലത്തേക്ക് 31 റോക്കറ്റുകളാണ് വര്‍ഷിച്ചതെന്നും പ്രതിരോധവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് ഇറാഖിലും സിറിയയിലുമുള്ള അഞ്ചു കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കതൈബ് ഹിസ്ബുള്ള എന്ന സംഘടനയുടെ ശക്തികേന്ദ്രങ്ങളിലായിരുന്നു ആക്രമണം. ഈ സംഘടനയുടെ തലവനായ അബു മഹ്ദി അല്‍ മുഹന്ദിയും സുലൈമാനിക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Post a Comment

0 Comments