ഭരണപക്ഷത്തെ അമ്പരപ്പിച്ച് പ്രതിപക്ഷം, ഗവര്‍ണറെ നിയമസഭാ നടുത്തളത്തില്‍ തടഞ്ഞു


തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ നയപ്രഖ്യാപനത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി തടഞ്ഞു. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണറെ നിയമസഭയില്‍ അംഗങ്ങള്‍ തടയുന്നത്. രാവിലെ 8.50ന് ഗവര്‍ണര്‍ സഭാമന്ദിരത്തിലെത്തി. അവിടെ ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് ഡയസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവര്‍ണറെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവും ഒപ്പമുണ്ടാകണമെങ്കിലും രമേശ് ചെന്നിത്തല ചടങ്ങില്‍ പങ്കെടുത്തില്ല.
അതേസമയം, ഭരണപക്ഷം പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ 'ഗോ ബാക്ക് ' വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്നു. ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നു
ഗവര്‍ണര്‍ നയപ്രഖ്യാപന സമയത്ത് നിയമസഭയില്‍ എത്തിയാല്‍ സ്വീകരിക്കേണ്ട കൃത്യമായ പ്രോട്ടോക്കോളുണ്ട്. ഇതിന്റെയൊക്കെ ലംഘനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. ഭരണപക്ഷത്തെയും ഗവര്‍ണറെയും ഒരുപോലെ അമ്പരിപ്പിക്കുന്ന പ്രതിഷേധമായിരുന്നു നടന്നത്. പൗരത്വ വിഷയത്തില്‍ സര്‍ക്കാരിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്നുകൊണ്ടുള്ള പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നാണ് പ്രധാനപ്പെട്ട വസ്തുത. പൗരത്വനിയമ ഭേദഗതിക്കെതിരെ തുടക്കത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രതിഷേധം ആരംഭിച്ചെങ്കിലും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം കാരണം പ്രതിപക്ഷം പിന്നീട് വിട്ടുനില്‍ക്കുകയായിരുന്നു. ജനുവരി 26 ന് മനുഷ്യമഹാ ശൃംഖല നടത്തി എല്‍.ഡി.എഫ് ചരിത്രം കുറിച്ചെങ്കിലും അതിനേക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്നതും രാജ്യം ശ്രദ്ധിക്കുന്നതുമായ ഒരു പ്രതിഷേധത്തിനാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ നടത്തിയത്.
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ക്കെതിരെ ഇങ്ങനെ ഒരു പ്രതിഷേധം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുന്‍ ഗവര്‍ണര്‍ പി.സദാശിവം 2016 ല്‍ നയപ്രഖ്യാപനം നടത്തുന്നതിനിടെ അന്നത്തെ പ്രതിപക്ഷമായ എല്‍.ഡി.എഫ് ചെറിയ രീതിയിലുള്ള പ്രതിഷേധം നടത്തിയിരുന്നു. പിന്നാലെ 2017, 2018, 2019 എന്നീ വര്‍ഷങ്ങളിലെ നയപ്രഖ്യാപന പ്രസംഗത്തിലും സമാനമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ഇന്ന് നാടകീയമായ സംഭവ വികാസങ്ങളാണ് സഭയില്‍ അരങ്ങേറിയത്.

Post a Comment

0 Comments