ചെന്നൈ: കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്ഐയായിരുന്ന വില്‍സണെ ചെക്ക് പോസ്റ്റില്‍ വച്ച് വെടിവച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട പ്രതികള്‍ ചാവേറാകാന്‍ പ്രത്യേക പരിശീലനം നേടിയിരുന്നുവെന്ന് വ്യക്തമായി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്കാണ് ചാവേര്‍ പരിശീലനം കിട്ടിയതെന്നുമാണ് അറസ്റ്റിലായ മുഖ്യപ്രതികളായ തൗഫീഖും (28) ഷമീമും (32) തമിഴ്നാട് പോലീസിന് നല്കിയ മൊഴി. ഇവരെ കര്‍ണ്ണാടകയിലെ ഉഡുപ്പി രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
കര്‍ണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതും നടപടികള്‍ ആസൂത്രണം ചെയ്തിരുന്നതും. അല്‍ഉമ്മ എന്ന സംഘടനയെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ, തമിഴ്നാട് നാഷണല്‍ ലീഗ് എന്ന പേരിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘടനയുടെ മറവിലാണ് അറസ്റ്റിലായ പ്രതികളും പ്രവര്‍ത്തിച്ചിരുന്നത്.
17 പേര് സംഘത്തിലുണ്ടെന്നും, തമിഴ്നാട്ടില്‍ നിന്ന് പുറത്തേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റിയതായും ഇവര്‍ പോലീസിന് മൊഴി നല്കി. ഇപ്പോള്‍ അറസ്റ്റിലായ അബ്ദുള്‍ ഷമീം ഹിന്ദു മുന്നണി നേതാവായിരുന്ന കെ.പി.സുരേഷ് കുമാറിനെ 2014ല്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതോടെയാണ്, സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും പ്രവര്‍ത്തനങ്ങള്‍ കര്‍ണാടകത്തിലേക്ക് മാറ്റിയത്.
കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും. അല്‍ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
ഇതിനിടയില്‍ ദില്ലിയിലും യോഗം ചേര്‍ന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും നേപ്പാളിലടക്കം സന്ദര്‍ശനം നടത്തിയവര്‍ സംഘത്തിലുണ്ടെന്നും അറസ്റ്റിലായവര്‍ മൊഴി നല്കി.
ഈ മാസം എട്ടാം തീയതി രാത്രി വില്‍സണെ വെടിവച്ചത് ഇവര്‍ രണ്ടുപേരുമാണെന്ന് സംഭവം നടന്ന് പിറ്റേന്ന് തന്നെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തിങ്കളാഴ്ച ബാംഗ്ലൂരിലെ രാമനഗരയില്‍ അറസ്റ്റിലായ ഇജാസ് പാഷയില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ അറസ്റ്റിന് സഹായകരമായി. ടാക്സി ഡ്രൈവറായ ഇജാസാണ് മുംബൈയില്‍ നിന്ന് എത്തിച്ച തോക്ക് തൗഫീഖിന് ബാംഗ്ലൂരില്‍ വെച്ച് കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കര്‍ണാടക പോലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്നാട് ക്യൂ ബ്രാഞ്ചും റെയില്‍വേ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് തിരുവനന്തപുരത്ത് നിന്ന് വരുന്ന വെരാവല്‍ എക്സ്പ്രസില്‍ യാത്ര ചെയ്യവേ പ്രതികളെ ചൊവ്വാഴ്ച പിടികൂടിയത്.
കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പോലീസിന് തെളിവ് ലഭിച്ച രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ട്. പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കിട്ടിയതിനെത്തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി പതിനഞ്ചോളം പേര് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
0 Comments