ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നത് ഒരു കോടിയുടെ ഹോസ്റ്റല്‍


കാസര്‍കോട്: അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്തെത്തുന്ന വനിതാ ജീവനക്കാര്‍ ഇനി താമസിക്കാനൊരിടം തേടി അലയേണ്ട.
മഞ്ചേശ്വരം മേഖലയിലെ വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മറ്റു പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന വനിതാ ജീവനക്കാര്‍ക്കായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപയുടെ ഹോസ്റ്റല്‍ ഒരുങ്ങുന്നു. വോര്‍ക്കാടിയില്‍ മലയോര ഹൈവേക്ക് സമീപം മജിര്‍പള്ളയിലെ ധര്‍മനഗരയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ഏക്കര്‍ സ്ഥലത്താണ് പതിനായിരം ചതുരശ്ര അടിയില്‍ ഇരു നില ഹോസ്റ്റല്‍ നിര്‍മാണം പുരോഗമിക്കുന്നത്. ബ്ലോക്ക്ഗ്രാമ പഞ്ചായത്തുകള്‍, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാഭ്യാസം, വൈദ്യുതി വകുപ്പ്, ബാങ്കിങ് സേവനം തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലായി നിരവധി വനിതാ ജീവനക്കാരാണ് മഞ്ചേശ്വരത്ത് ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗവും മറ്റു ജില്ലകളില്‍ നിന്നും വിദൂര പ്രദേശങ്ങളില്‍ നിന്നും വരുന്നവരാണ്. മഞ്ചേശ്വരത്ത് മതിയായ താമസ സൗകര്യമില്ലാത്തതിനാല്‍ സ്ഥലം മാറ്റം നേടുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്യുന്നത് അതിര്‍ത്തി മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹോസ്റ്റല്‍ വരുന്നതോടെ പരമാവധി ജീവനക്കാര്‍ക്ക് മഞ്ചേശ്വരത്ത് താമസ സൗകര്യമൊരുക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷറഫ് പറഞ്ഞു.. ആദ്യഘട്ടത്തില്‍ ഒരു നില കെട്ടിടം ആറു മാസത്തിനകം പൂര്‍ത്തിയാവും. ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകള്‍ അഞ്ച് ലക്ഷം രൂപ വീതവുമായി ഒരു കോടി രൂപയാണ് ഹോസ്റ്റലിനായി വകയിരുത്തിയിട്ടുള്ളത്. ഹോസ്റ്റലിന്റെ പരിപാലനത്തിനായി സബ് കമ്മിറ്റി രൂപീകരിക്കും. വാടകയിനത്തില്‍ ചെറിയ തുകയായിരിക്കും ഈടാക്കുക. ഹോസ്റ്റലിന്റെ അനുബന്ധമായി എല്ലാ വിധ സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്തും.

Post a Comment

0 Comments