പൗരത്വ ഭേദഗതികെതിരെ ജില്ലാ പഞ്ചായത്തിന്റെ പ്രമേയം രാഷ്ട്രീയ നേട്ടം കൊയ്യാന്‍- ബി.ജെ.പി


കാസര്‍കോട്: പൗരത്വ നിയമ ഭേദഗതികെതിരെ ജില്ലാ പഞ്ചായത് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീകാന്ത് ആരോപിച്ചു.
ജനുവരി 23 ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രമേയം അവതരണത്തിന് അനുമതി നല്‍കരുതെന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ശ്രീകാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന് കത്ത് നല്‍കി. പ്രമേയത്തില്‍ പറയുന്ന കാര്യങ്ങള്‍ ജില്ലാ പഞ്ചായത്ത് സംബന്ധിച്ചതല്ല. കൂടാതെ ഭാരതത്തിന്റെ ഭരണഘടനയനുസരിച്ച് പാര്‍ലമെന്റില്‍ പാസ്സാക്കിയ ഒരു നിയമത്തിനെതിരാണെന്നും ഭരണഘടന പാര്‍ലമെന്റിനു നല്‍കിയ അവകാശങ്ങളുടെ കടന്നുകയ്യേറ്റത്തിനുള്ള ശ്രമമാണിതെന്നും ശ്രീകാന്ത് സൂചിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിലായിരിക്കെ ഈ വിഷയം ജില്ലാ പഞ്ചായത്ത് പ്രമേയത്തില്‍ ചര്‍ച്ചചെയ്യരുതെന്നാണ് നിയമമെന്നും ഈ പ്രമേയത്തിന്റെ ഉള്ളടക്കം ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ഇത് കേന്ദ്ര സര്‍ക്കാരിനെയും ഇന്ത്യന്‍ പാര്‍ലമെന്റിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അവതരിപ്പിക്കാനുള്ള ഈ പ്രമേയത്തെ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലെ അജണ്ടയില്‍ നിന്നും ഒഴിവാക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

Post a Comment

0 Comments