നിര്‍മ്മാതാക്കളെ വീണ്ടും വെല്ലുവിളിച്ച് നടന്‍; ഡബ്ബിംഗിന് കൂടുതല്‍ പണം ആവശ്യപ്പെട്ടു


കൊച്ചി: പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി നടന്‍ ഷെയ്ന്‍ നിഗം. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നുമാണ് ഷെയ്‌ന്റെ നിലപാട്.
ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 19-ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.
പ്രതിഫലത്തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍. ഈ മാസം ഒമ്പതിന് ചേരുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്‌നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറഞ്ഞു.

Post a Comment

0 Comments