വാര്‍ഷിക പദ്ധതിയില്‍ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം


കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2020-21 വര്‍ഷത്തെ പദ്ധതി തയ്യാറാക്കുമ്പോള്‍ ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഹരിതകേരളം മിഷന്റെ ഉപമിഷനായ ജലസംരക്ഷണത്തില്‍ കുടിവെള്ള സ്രോതസ്സുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുകുളങ്ങളുടെയും കിണറുകളുടെയും നിര്‍മ്മാണവും നവീകരണവും, നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം, ചെക്ക് ഡാമുകള്‍, സെമി പെര്‍മനന്റ് തടയണകള്‍ നിര്‍മ്മിക്കല്‍, മണ്ണൊലിപ്പ് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, വിദ്യാലയങ്ങള്‍ ,കൂടുതല്‍ ജീവനക്കാര്‍ ഉള്ള ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പാഴ്ജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍, വ്യവസായിക ഗാര്‍ഹിക ഉപഭോഗത്തില്‍ ദുര്‍വ്യയം ഒഴിവാക്കുന്നതിന് ജല ഓഡിറ്റിംഗും ജല ബജറ്റിംഗും.
ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച സാഹചര്യത്തില്‍ ബദല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പൊതുശൗചാലയങ്ങളുടെ നിര്‍മ്മാണം (ദേശീയ പാതയോരം, ചെറുപട്ടണങ്ങള്‍ എന്നിവിടങ്ങളില്‍) , പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ഇല്ലാതാക്കാന്‍ സി.സി. ക്യാമറകള്‍, ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, മാലിന്യം നിക്ഷേപിക്കുന്ന അത്തരം സ്ഥലങ്ങളില്‍ പൂച്ചെടികള്‍ വെച്ച് അലങ്കരിക്കല്‍ , കല്ല്യാണങ്ങള്‍, പൊതു ആഘോഷങ്ങള്‍ ,പൊതു പരിപാടികള്‍ എന്നിവ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പാക്കുന്നതിന് സ്റ്റീല്‍ പ്ലേറ്റുകള്‍,സ്റ്റീല്‍ ഗ്ലാസുകള്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കല്‍. കൃഷി വികസനവുമായി ബന്ധപ്പെട്ട് ഗ്രോബാഗ് കൃഷിയും തിരിനനയും(വീട്ടമ്മമാര്‍ക്ക്), അംഗന്‍വാടിക്ക് ചെടിച്ചെട്ടിയും മിനിഡ്രിപ്പും (അംഗന്‍വാടിയില്‍ സ്ഥലസൌകര്യമുള്ള), പൊതു /സ്വകാര്യ സ്ഥാപനങ്ങളില്‍ ടെറസ്സില്‍ അല്ലെങ്കില്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് ഗ്രോബാഗും തിരുനനയും , 2020 മുരിങ്ങ ഗ്രാമം (ഓരോ വീട്ടിലും വീട്ടുമുറ്റത്തൊരു മുരിങ്ങ ) എന്നീ പദ്ധതികള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

Post a Comment

0 Comments