പലഹാര നിര്‍മ്മാണ യൂണിറ്റ് കത്തി നശിച്ചു


കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് പള്ളത്തിങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി പലഹാര നിര്‍മ്മാണ യൂണിറ്റ് കത്തി നശിച്ചു.
നീലേശ്വരം ആലിങ്കീലിലെ ജെയിംസിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ ബേക്കറിയാണ് കത്തി നശിച്ചത്. ഓടുമേഞ്ഞ പഴയ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ നിന്നു ഇന്നുപുലര്‍ച്ചെ അഞ്ചേകാലോടെ പുക ഉയരുന്നത് രാവിലെ നടക്കാനിറങ്ങിയവരാണ് ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് കാഞ്ഞങ്ങാട് അഗ്‌നിശമന സേന സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നു കരുതുന്നു.
സേന ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. ഇവിടെ തയ്യാറാക്കി വച്ചിരുന്ന ബേക്കറി സാധനങ്ങളും സംഭരിച്ച നിര്‍മ്മാണ വസ്തുക്കളും പൂര്‍ണമായി കത്തി നശിച്ചു. സാധനങ്ങള്‍ നശിച്ചതില്‍ നാല്‍പതിനായിരും രൂപയുടെയും കെട്ടിടത്തിനു കേടുപാട് സംഭവിച്ചതില്‍ 35,000 രൂപയുടെയും നഷ്ടം കണക്കാക്കുന്നു. കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫിസര്‍ കെ.വി.പ്രഭാകരന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫിസര്‍ കെ.രാധാകൃഷ്ണന്‍, ഫയര്‍ ഓഫിസര്‍ ഡ്രൈവര്‍ കെ.ടി.ചന്ദ്രന്‍, ഫയര്‍ ഓഫിസര്‍മാരായ വി. എന്‍.വേണുഗോപാല്‍, എസ്.യു.അനു, ഹോംഗാര്‍ഡ് കെ.രമേശന്‍ എന്നിവരാണ് അഗ്‌നിശമന സേനയിലുണ്ടായിരുന്നത്.

Post a Comment

0 Comments