മനുഷ്യമഹാശൃംഖലയില്‍ യുഡിഎഫ് അണികള്‍; നേതൃത്വം ഗൗരവത്തോടെ കാണണമെന്ന് കെ.മുരളീധരന്‍


കോഴിക്കോട്: പുനസംഘടന മുതല്‍ പൗരത്വ പ്രതിഷേധം വരെയുള്ള കാര്യങ്ങളില്‍ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ മുരളീധരന്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി നടത്തിയ മനുഷ്യമഹാശൃംഖലയില്‍ വന്‍ തോതില്‍ യുഡിഎഫ് അണികളും പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യം കെപിസിസി നേതൃത്വം ഗൗരവമായി കാണണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ യുഡിഎഫ് തയ്യാറാകണം. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചു എന്നും കെ മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തില്‍ ഇടത് മുന്നണിക്ക് അഴകുഴമ്പന്‍ നിലപാടാണ്. ഗവര്‍ണറുടെ ചായ സത്കാരത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു എന്നും കെ.മുരളീധരന്‍ ആരോപിച്ചു. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ഇടതുപക്ഷത്തിനെതിരെ പ്രതിപക്ഷം പ്രചാരണം നടത്തും.
പ്രദേശിക തലത്തില്‍ അടക്കം ഒരുമിച്ച് നടക്കുന്ന സമരങ്ങള്‍ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് മുഖ്യമന്ത്രിയും ഇടത് മുന്നണിയും കാര്യങ്ങളെത്തിച്ചു, മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉള്ളതെന്നും കെ.മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്നും കെ.മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. അത് കെപിസിസി അധ്യക്ഷന്റെ വിവേചനാധികാരം ആണെന്നും കെ.മുരളീധരന്‍ പറഞ്ഞു.
കെപിസിസി ലിസ്റ്റില്‍ അനര്‍ഹര്‍ കടന്ന് കൂടിയതിനെതിരെ കടുത്ത വിമര്‍ശനമാണ് കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നത്.

Post a Comment

0 Comments