ദില്ലി: ജെഎന്‍യുവില്‍ ഇന്നലെ രാത്രി നടന്നത് സംഘടിത ആക്രമണമെന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍. ആക്രമണത്തിന് പിന്നില്‍ എബിവിപിയെന്ന് ആവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ പോലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. പോലീസ് ആക്രമണത്തിനൊപ്പം നിന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതേസമയം അധ്യാപകര്‍ക്ക് പിന്നാലെ ജെഎന്‍യു വിസിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യാര്‍ത്ഥി യൂണിയന് നടത്തുന്നത്.
വിസി ഭീരുവിനെ പോലെ പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിനന്വലിക്കലിനെതിരെ മാത്രമല്ല, വിസി രാജിവെക്കും വരെ സമരം തുടരുമെന്നാണ് യൂണിയന് വ്യക്തമാക്കിയിരിക്കുന്നത്. വിസി രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണമെന്നും യൂണിയന് ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സിലര്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു അധ്യാപകര്‍ ആവശ്യപ്പെട്ടത്.
അതേസമയം ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.
മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ജെഎന്‍യുവില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്തായി. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.
അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പോലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.
അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.
0 Comments