മരട് ഫ്‌ളാറ്റില്‍ സ്‌ഫോടനത്തിന് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു


കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ സ്‌ഫോടനം നടത്തുന്നതിനുള്ള സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു. ഹോളി ഫെയ്ത് ഫ്‌ളാറ്റില്‍ ഉപയോഗിക്കാനുള്ള സ്‌ഫോടക വസ്തുക്കള്‍ ആണ് എത്തിച്ചത്. അങ്കമാലി മഞ്ഞപ്രയിലെ സംഭരണശാലയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പോലീസ് സുരക്ഷയിലാണ് എത്തിച്ചത്. ആറാം തീയതി ഇവ ഫ്‌ളാറ്റുകളിലേക്ക് എത്തിക്കും. മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി ഇന്ന് രാവിലെ 11.30ന് യോഗം ചേരും. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ മരട് നഗരസഭയിലാണ് യോഗം ചേരുക.
ആല്‍ഫ സെറീന്‍ ഫ്‌ലാറ്റ് സമുച്ചയം രണ്ടാമത് പൊളിക്കുന്നതിനെക്കുറിച്ച് ടെക്‌നിക്കല്‍ സമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ജനവാസം കുറഞ്ഞ ഫ്‌ളാറ്റ് സമുച്ചയം ആദ്യം പൊളിക്കുന്നത് പരിഗണിക്കാമെന്ന് മരട് നഗരസഭ അധികൃതരുമായും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവില്‍ ആല്‍ഫ സെറീന്‍ ,ഹോളിഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ ഈ മാസം പതിനൊന്നിനും ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ പന്ത്രണ്ടിനും പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Post a Comment

0 Comments