സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകം തന്നെയെന്ന് ഫോറന്‍സിക് വിദഗ്ധന്‍


തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകം തന്നെയെന്ന് ഫോറന്‍സിക് വിദഗ്ധന്‍. ഡമ്മി പരിശോധന നടത്തിയ ജയ്പൂര്‍ എസ്എംഎസ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.എസ്.കെ.പഥക്ക് ആണ് വിസ്താരത്തിനിടയില്‍ ഇക്കാര്യം പറഞ്ഞത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വിസ്താരം.
ഡോ.എസ്.കെ.പഥക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡമ്മി പരിശോധന നടത്തിയത്. അഭയയുടെ ശരീരപ്രകൃതമുള്ള എട്ട് ഡമ്മികള്‍ മൃതദേഹം കിടന്ന കിണറ്റില്‍ ഇട്ടാണ് പരീക്ഷണം നടത്തിയത്. അഭയയുടെ തലയ്ക്കുണ്ടായ മൂന്ന് മുറിവുകള്‍ ചാടിയാല്‍ ഉണ്ടാവുന്നതല്ലെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ മുറിവുകളാണ് മരണകാരണമായത്.
മറ്റുള്ള മുറിവുകളാണ് കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായത്. അഭയ ആത്മഹത്യ ചെയ്തതല്ലായെന്ന നിഗമനത്തിലെത്താന്‍ ഈ പരീക്ഷണമാണ് സിബിഐയെ സഹായിച്ചത്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതാണ് മുഴുവന്‍ മുറിവുകളും എന്നായിരുന്നു ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍. മരണം ആത്മഹത്യയാണെന്നു പറഞ്ഞ് അവര്‍ നഗമനത്തിലെത്തിയിരുന്നു. പിന്നീടാണ് സിബിഐ ഏറ്റെടുത്തത്.
പ്രായാധിക്യമായതിനാലാണ് ഡോ.പഥക്കിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിസ്തരിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ സിബിഐ പ്രോസിക്യൂട്ടര്‍ എം.നാവാസും പ്രതിഭാഗം അഭിഭാഷകരും വിസ്തരിക്കാന്‍ ഹാജരായി.

Post a Comment

0 Comments