പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തണം


കാഞ്ഞങ്ങാട്: ദേശീയ പ്രസ്ഥാനം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച മതേതരമൂല്യങ്ങള്‍ തിരസ്‌ക്കരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയര്‍ന്ന് വരുന്ന പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്ന് കെ.മാധവന്‍ ഫൗണ്ടേഷന്‍ വിശേഷാല്‍ പൊതുയോഗം അഭ്യര്‍ത്ഥിച്ചു.
ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്ന പൗരത്വനിയമഭേദഗതിക്കെതിരെ സമരം ചെയ്ത വിവിധ സര്‍വ്വകലാ വിദ്യാര്‍ത്ഥികളെ അന്യമായി കേസില്‍പ്പെടുത്തുകയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടികള്‍ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ കളങ്കപ്പെടുത്തിയതായി യോഗം ചൂണ്ടിക്കാട്ടി.
ഫൗണ്ടേഷന്‍ ആസ്ഥാന മന്ദിരമായി ചെമ്മട്ടംവയലില്‍ പണി പൂര്‍ത്തിയായ ഗുരുവായൂര്‍ സത്യാഗ്ര സ്മാരക മന്ദിരം ഉദ്ഘാടന പരിപാടികള്‍ വന്‍ ജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനാവശ്യമായ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. 28 ന് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. രണ്ടാമത് കെ.മാധവന്‍ സ്മാരക പുരസ്‌കാരം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രി സമര്‍പ്പിക്കും.
വിശേഷാല്‍ പൊതുയോഗത്തില്‍ വൈസ് ചെയര്‍മാന്‍ സി.കെ.ശ്രീധരന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡോ. സി.ബാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ട്രഷറര്‍ എ. വി. രാമകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കുഞ്ഞമ്പു പൊതുവാള്‍, അജയകുമാര്‍ കോടോത്ത്, ടി.മുഹമ്മദ് അസ്ലം, ബി.സുകുമാരന്‍, ഉത്തംഛന്ദ്, വേണുരാജ് കോടോത്ത്, പി.വി.കുമാരന്‍, പപ്പന്‍ കുട്ടമത്ത്, എച്ച്.കെ.മോഹന്‍ദാസ്, രാഘവപ്പൊതുവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments