ജില്ലയില്‍ ടൂറിസത്തിന് സാധ്യതകള്‍ വളരെയേറെയെന്ന് രൂപേഷ്‌കുമാര്‍


കാഞ്ഞങ്ങാട്: ജില്ലയില്‍ നിറയെയുള്ള ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നാട്ടുകാര്‍ മുന്നോട്ട് വരണമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലയിലെ സംരംഭകര്‍ക്ക് നടത്തിയ ശില്‍പ്പശാലയില്‍ ക്ലാസെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിനും മിഷനുമായി കൈകോര്‍ത്ത് സംരംഭകര്‍ക്ക് സംയുക്ത പദ്ധതികള്‍ നടപ്പാക്കുന്നതിനുമാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജില്ലയിലെത്തുന്നവര്‍ക്ക് നല്ല കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച് കൂടുതല്‍ തങ്ങാനും വീണ്ടും വരാനും പ്രേരകമാകണം നമ്മുടെ ടൂറിസമനോഭാവം. നാടിനും പ്രദേശവാസികള്‍ക്കും ദോഷമില്ലാത്തതും വലിയ മുതല്‍ മുടക്ക് ആവശ്യമില്ലാത്തതുമായ ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ നാട്ടുകാര്‍ക്ക് ഏറെ സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സാങ്കേതിക സഹായവും പരിശീലനവും ടൂറിസം വകുപ്പ് നല്‍കും. മണ്‍പാത്ര നിര്‍മാണം, മീന്‍ പിടിത്തം, ഓലമെടയല്‍, കയര്‍പിരി, കരകൗശല വസ്തു നിര്‍മാണം ഇവയൊക്കെ ടൂറിസത്തിനു വേണ്ടി പ്രയോജനപ്പെടുത്താം. ഗ്രാമങ്ങളുടെ പച്ചപ്പും തെയ്യങ്ങളും നെയ്ത്ത് തറിയും നാടന്‍സദ്യയുമൊക്കെ ഇതിന്റെ ഭാഗമായി പണം സമ്പാദിക്കാവുന്ന മേഖലകളാണെന്ന് രൂപേഷ് കുമാര്‍ കൂട്ടിചേര്‍ത്തു. ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ അന്തര്‍ദേശീയ പുരസ്‌കാരം നേടിയ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍,മികച്ച റിസോര്‍ട്ടിനുള്ള ദേശീയ പുരസ്‌കാരം നേടിയ നീലേശ്വര്‍ ഹെര്‍മിറ്റേജ് എന്നിവരെ ആദരിച്ചു. കാഞ്ഞങ്ങാട് സബ് കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ് ബേബി ഷീജ അധ്യക്ഷത വഹിച്ചു. ബിജുരാഘവന്‍(ഡി. ടി.പി.സി സെക്രട്ടറി), ടി.ധന്യ(മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments