ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാന്‍ നിയമം കൊണ്ടുവരുന്നു


തിരുവനന്തപുരം: ആഡംബരബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാന്‍കഴിയുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ നീക്കം.
ഇതിനുള്ള കരട് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം, 22 സീറ്റില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി. ബസുകള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാനാകും.
കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് ഭീഷണിയാകുന്ന നീക്കത്തെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം ചര്‍ച്ചചെയ്യാനായി പ്രത്യേകയോഗം ചേരും. നിയമസെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവരുമായി കൂടിയാലോചിച്ച് ഭേദഗതിക്കെതിരേ ആക്ഷേപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനസര്‍ക്കാരിന്റെ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് നിലവിലെ തടസ്സം. കരാറടിസ്ഥാനത്തില്‍ ഒരു സ്ഥലത്തുനിന്നു യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റാണ് ഇവര്‍ക്കു നല്‍കുക. റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റില്‍നിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെര്‍മിറ്റ്.
ഇതില്‍ റൂട്ട്, സമയം, പെര്‍മിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിക്കും.
എന്നാല്‍, പുതിയ ഭേദഗതി വന്നാല്‍ കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന സമയത്തും പാതകളിലും ഓടാനാകും.

Post a Comment

0 Comments