ശബരിമല കര്‍മസമിതി ഹര്‍ത്താല്‍: പോലീസിനെ കല്ലെറിഞ്ഞവര്‍ക്കെതിരെ കുറ്റപത്രം


കാഞ്ഞങ്ങാട്: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം പോലിസിനെ കല്ലെറിഞ്ഞവര്‍ക്കെതിരെ കുറ്റപത്രം.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ 2019 ജനുവരി മൂന്നിനു നടന്ന ഹര്‍ത്താലിനിടെ പോലീസിനെ ആക്രമിച്ച അന്‍പതോളം പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ കുറ്റപത്രം നല്‍കിയത്. നോര്‍ത്ത് കോട്ടച്ചേരിയിലായിരുന്നു സംഭവം. ക്രമസമാധാനം ലംഘിക്കുകയെന്ന ഉദ്ദേശത്തോടെ ന്യായവിരോധമായി സംഘം ചേര്‍ന്നു മുദ്രാവാക്യം വിളിക്കുകയും രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന വിവരമറിഞ്ഞാണ് പോലീസെത്തിയത്.
അന്നത്തെ ഹൊസ്ദുര്‍ഗ് സിഐ, സി.കെ.സുനില്‍കുമാര്‍, എസ്‌ഐ, വിഷ്ണുപ്രസാദ്, മധുസുദനന്‍, സിപിഒമാരായ റിജേഷ്, ദീപുമോന്‍ എന്നിവരടങ്ങിയ പോലീസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ രണ്ടു പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പിരിഞ്ഞു പോകാനായി നല്‍കിയ ആജ്ഞലംഘിച്ചായിരുന്നു ഇത്. പോലീസിനെ കല്ലെറിഞ്ഞതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് അന്‍പതോളം പേര്‍ക്കെതിരെ കേസെടുത്തത്.

Post a Comment

0 Comments