കാഞ്ഞങ്ങാട്: ചട്ടംലംഘിച്ച് വിളിച്ചുചേര്‍ത്ത നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രമേയം പാസാക്കി. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ ശക്തമായ ചെറുത്തുനില്‍പ്പിനിടയിലാണ് പ്രമേയം പാസായതായി ചെയര്മാന് വി.വി.രമേശന് പ്രഖ്യാപിച്ചത്.
അടിയന്തിര കൗണ്‍സില്‍ യോഗത്തിന് 24 മണിക്കൂര്‍ മുമ്പ് കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് നല്‍കണം. ഇത് അവധി ദിവസമാണ് നോട്ടീസ് നല്‍കിയത്.
കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. കൗണ്‍സില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ആറ് ബി.ജെ.പി കൗണ്‍സിലര്‍മാരെ ആറു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് 3.30 മണിയോടെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യോഗം തുടങ്ങിയതോടെ അവധി ദിവസം കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട തയാറാക്കിയത് ചട്ട വിരുദ്ധമാണെന്ന് ആരോപണവുമായി ബി ജെ പി അംഗങ്ങള്‍ എഴുന്നേറ്റു. തുടര്‍ന്ന് പ്ലക്കാര്‍ഡുകളുമായി ബി ജെ പി അംഗങ്ങള്‍ അധ്യക്ഷന്റെ ഡയസിനടുത്തേക്ക് നീങ്ങി. തടയാന്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളെത്തിയതോടെ ബഹളമായി. അതിനിടെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങിയ മഹ്മൂദ് മുറിയനാവിയുടെ കൈയ്യില്‍ നിന്നും ബി.ജെ.പി അംഗങ്ങള്‍ പ്രമേയം തട്ടിയെടുത്ത് കീറിയെറിഞ്ഞു. ഡയസിലുണ്ടായിരുന്ന പ്രമേയവും കീറിയെറിഞ്ഞു. ഇതോടെ ബി.ജെ.പി അംഗങ്ങളെ പുറത്താക്കാന്‍ അധ്യക്ഷന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. രംഗം വഷളായതോടെ പ്രമേയം പാസായതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു.
ചട്ടം ലംഘിച്ച് യോഗം വിളിച്ച വിവരം ജന്മദേശം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നേരിടാനാണ് സാധ്യതയെന്നും സൂചിപ്പിച്ചിരുന്നു.
0 Comments