ഫെയ്‌സ് ബുക്കിലൂടെ വിവാഹവാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത യുവാവിനെതിരെ കുറ്റപത്രം


കാഞ്ഞങ്ങാട് : സഹപാഠിയോട് ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം പുതുക്കി ഫോണില്‍ ബന്ധം വളര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ യുവാവിനെതിരെ കുറ്റപത്രം.
കാസര്‍കോട് കുമ്പള ബീച്ച് റോഡില്‍ നിത്യാനന്ദ മഠത്തിനു സമീപത്തെ അനീഷിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ കുറ്റപത്രം നല്‍കിയത്. 2013 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഹരിപുരം തട്ടുമ്മല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2003 -2005 പ്ലസ്ടു ബാച്ചിലാണ് ഇരുവരും പഠിച്ചത്. കോഴ്‌സ് കഴിഞ്ഞ് പിരിഞ്ഞശേഷം ഫെയ്‌സ് ബുക്കിലൂടെയാണ് അനീഷ് യുവതിയുമായി സൗഹൃദം പുതുക്കിയത്. യുവതിയുടെ വീട്ടില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടായിരുന്നു. പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറിയതോടെ ബന്ധം വളര്‍ന്നു. ഇതിനിടെ വിവാഹ വാഗ്ദാനം നല്‍കിയ അനീഷ് യുവതിയോട് എറണാകുളത്തേക്ക് കൂടെ പോകാന്‍ ആവശ്യപ്പെട്ടു.
ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയിരുന്ന യുവതി എച്ച്‌സിഎല്‍ കമ്പനിയുടെ ഇന്റര്‍വ്യൂ ഉണ്ടെന്നു വിശ്വസിപ്പിച്ച് എറണാകുളത്തേക്ക് പുറപ്പെട്ടു. എറണാകുളത്തേക്കു പോകാനായി ഇറങ്ങിയപ്പോള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍വരെ യുവതിയുടെ മാതാവും കൂടെയുണ്ടായിരുന്നു.
എറണാകുളത്തെത്തിയ ശേഷം വിവാഹ തീരുമാനമാകുന്നതുവരെ ഹോസ്റ്റലില്‍ താമസിക്കാമെന്ന് ഇരുവരും തീരുമാനിച്ചു. പകല്‍ നേരം ഹോസ്റ്റലില്‍ നിന്നിറങ്ങി ലുലു മാളിലും ഷോപ്പിങ് സെന്ററുകളിലും കറങ്ങി. ഇതിനിടെ യുവതിയെ സിന്ദൂരം ധരിപ്പിച്ചു വിവാഹ സങ്കല്‍പം ചെയ്ത അനീഷ് മൂന്നാറിലെ മാര്‍ഷല്‍ ഹോട്ടലിലെ 103-ാം നമ്പര്‍ മുറിയെടുത്തു. ആദ്യ ദിവസം നിര്‍ബന്ധിച്ചു മൂന്നുതവണ യുവതിയെ ബലാത്സംഗം ചെയ്തു. ബന്ധം ഉപേക്ഷിച്ചെങ്കിലോ എന്നു ഭയന്ന് ഇതിനു വഴങ്ങിയെന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് എറണാകുളത്തെത്തി എക്‌സലന്‍സി ലോഡ്ജിലെ 118ാം നമ്പര്‍ മുറിയെടുത്ത് ഇവിടെയും ബലാത്സംഗം തുടര്‍ന്നു. വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി അനീഷിനെതിരെ പരാതി നല്‍കിയത്.

Post a Comment

0 Comments