ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സ്ഥാനം: ശ്രീകാന്തും തന്ത്രിയും ബലപരീക്ഷണത്തില്‍


കാസര്‍കോട്: ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സ്ഥാനം തരപ്പെടുത്താന്‍ നിലവിലുള്ള ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്തും സംസ്ഥാന കൗണ്‍സില്‍ അംഗം രവീശ തന്ത്രി കുണ്ടാറും തമ്മില്‍ അങ്കം മുറുകി.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. ശ്രീകാന്തിനെ മാറ്റി രവീശതന്ത്രിയെ ജില്ലാ പ്രസിഡണ്ടാക്കാന്‍ ബി.ജെ.പിയിലെ ഒരുവിഭാഗം ചരടുവലിക്കുമ്പോള്‍ അത് വ്യാമോഹമെന്നാണ് ശ്രീകാന്ത് പക്ഷക്കാര്‍ പറയുന്നത്. രവീശതന്ത്രി പി.കെ.കൃഷ്ണദാസ് പക്ഷക്കാരനും ശ്രീകാന്ത് വി.മുരളീധരന്‍ പക്ഷക്കാരനുമാണ്. തന്നെയുമല്ല കെ.സുരേന്ദ്രന്റെ അനുഗ്രഹാശിസുകളും ശ്രീകാന്തിനാണ്. ജില്ലാ പഞ്ചായത്തംഗംകൂടിയാണ് ശ്രീകാന്ത്.
വടക്കന്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയാണ് രവീശ തന്ത്രി കുണ്ടാര്‍.
ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. 2016 ല്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങി. 2019 ല്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലും മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും മാറ്റുരച്ചു. മൂന്നിടത്തും പരാജയമായിരുന്നു ഫലം.

Post a Comment

0 Comments