സുലൈമാനി ഡല്‍ഹിയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ഇല്ലാതാക്കിയത് നമ്പര്‍ വണ്‍ ഭീകരനെ ട്രംപ്


ലോസ് ആഞ്ചലസ്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിലെ സൈനിക ജനറല്‍ ഖാസെം സുലൈമാനി ഇന്ത്യയിലടക്കംഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനിയെ വധിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍.
ഭീകരവാദത്തിന്റെ ആധിപത്യം അവസാനിച്ചെന്നും ഖാസെം സുലൈമാനി ന്യൂഡല്‍ഹിയിലും ലണ്ടനിലും അടക്കം ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇറാഖില്‍ റോക്കറ്റ് ആക്രമണത്തില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ ഞങ്ങളുടെ എംബസിക്ക് നേരേയും ആക്രമണമുണ്ടായി. ഇതെല്ലാം സുലൈമാനിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു.
സുലൈമാനിയെ വധിച്ചത് യുദ്ധത്തിലേക്ക് നയിക്കില്ലെന്നും, യുദ്ധം ഇല്ലാതാക്കാനാണ് കഴിഞ്ഞദിവസം സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്റെ നിര്‍ദ്ദേശമനുസരിച്ച് യു.എസ്. സൈന്യം വധിച്ചത്. അമേരിക്കന്‍ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രൂരമായ ആക്രമണം നടത്താനായിരുന്നു സുലൈമാനി പദ്ധതിയിട്ടിരുന്നത്. പക്ഷേ, അദ്ദേഹത്തെ ഞങ്ങള്‍ പിടികൂടി ഇല്ലാതാക്കി ട്രംപ് വിശദീകരിച്ചു.
കഴിഞ്ഞദിവസം അമേരിക്ക ചെയ്തത് കാലങ്ങള്‍ക്ക് മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നു. അടുത്തിടെ ഇറാനില്‍ നിരവധി പ്രതിഷേധക്കാരെ അടിച്ചൊതുക്കിയതും സുലൈമാനിയുടെ നേതൃത്വത്തിലായിരുന്നു. ആയിരത്തിലേറെ പേരെയാണ് ഇറാന്‍ സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച സൈന്യവും രഹസ്യാന്വേഷണ വിഭാഗവുമാണ് യുഎസിനുള്ളതെന്നും എവിടെയെങ്കിലും അമേരിക്കക്കാരന്‍ ഭീഷണി നേരിട്ടാല്‍ എന്ത് നടപടി സ്വീകരിക്കാനും താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.

Post a Comment

0 Comments