നീലേശ്വരം: ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നീലേശ്വരം കൊയാമ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനാലു ജില്ലകളില്‍ നിന്നുമായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 28 ടീമുകള്‍ മത്സരിക്കും 400 ഓളം കബഡി താരങ്ങളും നൂറോളം ഒഫീഷ്യലുകളും ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും.
ഹരിയാനയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്ഷിലേക്കുള്ള ടീമിനെ ഈ മത്സരത്തില്‍ നിന്നുമാണ് തെരെഞ്ഞെടുക്കുക. കെ.വി.ഗീത ചെയര്‍മാനും രാജീവന് കൊയാമ്പുറം കണ്‍വീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. മത്സരത്തിനെത്തുന്ന താരങ്ങള്‍ക്ക് കൊയാംമ്പുറത്തെ വീടുകളിലാണ് താമസ സൗകര്യം ഒരുക്കുക. ഒന്നിന് ഉച്ചയ്ക്ക് മൂന്നു മണിക്ക് സംഘാടക സമിതി ചെയര്‍പേഴ്സണ്‍ കെ.വി.ഗീതയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഡിവൈ.എസ് പി.പി.കെ.സുധാകരന് സമ്മാനദാനം നിര്‍വ്വഹിക്കും. കൊയാമ്പുറം കൃഷ്ണപിള്ള സ്മാരക വായനശാല ഗ്രന്ഥാലയം ആന്റ് ആര്‍ട്സ് സ്പോര്‍ട്സ് ക്ലബാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ രാജീവന് കൊയാമ്പുറം, വൈസ് ചെയര്മാന് നാരായണന് കണിച്ചിറ, ക്ലബ്ബ് പ്രസിഡന്റ് എം.കൃഷ്ണന്, ഭാരവാഹികളായ ഇടവഞ്ചേരി അമ്പു, അശോകന് വയലപ്ര, സേതു ബങ്കളം, അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സുധീര്‍ കുമാര്‍, ദേശീയ കബഡി താരം ജഗദീഷ് കുമ്പള എന്നിവര്‍ സംബന്ധിച്ചു.
0 Comments