മുണ്ടത്തടം ക്വാറിയില്‍ വീണ്ടും വെടിപൊട്ടി; സമരപ്പന്തലില്‍ വാക്കേറ്റവും കയ്യേറ്റവും


പരപ്പ: ആറുമാസമായി അടച്ചിട്ടിരുന്ന മുണ്ടത്തടം കരിങ്കല്‍ ക്വാറിയില്‍ വീണ്ടും സ്‌ഫോടനം തുടങ്ങി.
ഇന്നലെയാണ് സ്‌ഫോടനം പുനരാരംഭിച്ചത്. ഇന്നലെത്തന്നെ പത്ത്‌ലോഡ് കരിങ്കല്ല് കടത്തുകയും ചെയ്തു. മുണ്ടത്തടം ക്വാറയ്ക്കും ക്രഷറിനുമെതിരെ പരപ്പ ടൗണില്‍ തുടങ്ങിയ സത്യാഗ്രഹസമരം തുടരുന്നതിനിടയിലാണ് സ്‌ഫോടനം നടത്തി കല്ലുകടത്തിയത്. നാട്ടുകാര്‍ രൂപീകരിച്ച സമരസമിതിയുടെ നേതൃത്വത്തില്‍ ആറുമാസം മുമ്പ് വളരെ ആവേശത്തോടെയാണ് രാപ്പകല്‍ സമരം തുടങ്ങിയത്. ക്രമേണ അത് വൈകീട്ട് 4 മുതല്‍ 6 വരെ സായാഹ്നസമരമായി ശോഷിച്ചു.
ഇതിനിടയില്‍ സമരസമിതി ചെയര്‍മാന്‍ ഉമേശന്‍ വേളൂര്‍ സമരത്തില്‍നിന്നും ഉള്‍വലിഞ്ഞു. സമരത്തിന് ചൂടും ചൂരും പകര്‍ന്ന സമരനായിക രാധ നേരത്തെതന്നെ പിന്തിരിഞ്ഞിരുന്നു. ഉമേശന്‍ വേളൂര്‍ സമരസമിതി ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ച് ഓടിയ സ്ഥാനത്ത് ചെയര്‍മാന്‍ സ്ഥാനം മുങ്ങുന്ന ബാലകൃഷ്ണന്‍ എന്നറിയപ്പെടുന്ന കെ.പി.ബാലകൃഷ്ണന്‍ ഏറ്റെടുക്കുകയായിരുന്നു. സമരക്കാരുടെ തലക്ക്മുകളില്‍ മുണ്ടത്തടത്ത് വീണ്ടും സ്‌ഫോടനം തുടങ്ങിയതിനെതുടര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ഇന്നലെ വൈകീട്ട് സമരസമിതി പന്തലില്‍ പ്രത്യേകയോഗം വിളിച്ചിരുന്നു. പതിനഞ്ചോളം ആളുകള്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിനിടയില്‍ ബളാല്‍ മണ്ഡലത്തില്‍നിന്നുള്ളവര്‍ പങ്കെടുക്കാത്തതുകൊണ്ടാണ് സമരം മെലിഞ്ഞുപോയതെന്ന് കെ.പി.ബാലകൃഷ്ണന്‍ യോഗത്തില്‍ ആരോപിച്ചു. ഇത് ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടും സമരസമിതി രക്ഷാധികാരിയുമായ ഖദര്‍ അപ്പച്ചന്‍ എന്ന എം. പി.ജോസഫിനെ ചൊടിപ്പിച്ചു. ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് എം.പി ജോസഫ് ആവശ്യപ്പെട്ടു. എന്നാല്‍ സമരസമിതി ചെയര്‍മാന്‍ സ്ഥാനം പേറുന്ന ബാലകൃഷ്ണന്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനിന്നതോടെ എം.പി.ജോസഫ് ബാലകൃഷ്ണന് നേരെ ചീറിയടുത്തു. എന്നാല്‍ അടിവീഴുന്നതിന് മുമ്പുതന്നെ മറ്റുള്ളവര്‍ എം.പി.ജോസഫിനെ പിടിച്ചുമാറ്റി. ഇതിനുപിന്നാലെ എം.പി.ജോസഫ് സമരപ്പന്തലില്‍ നിന്നും വാക്കൗട്ട് നടത്തി.
സമരക്കാര്‍ തമ്മിലടിതുടങ്ങിയത് ക്വാറി ഉടമ നീലേശ്വരം ചായ്യോത്തെ സി.നാരായണന് അനുഗ്രഹമായിട്ടുണ്ട്. രാധയും ഉമേശനും മുങ്ങിയനിലയ്ക്ക് ഇനി പുതിയനായകരെ കണ്ടെത്തിവേണം സമരം കരുപിടിപ്പിക്കാന്‍.

Post a Comment

0 Comments