ബീഡിത്തൊഴിലാളികള്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി


കാഞ്ഞങ്ങാട് : കേന്ദ്രസര്‍ക്കാര്‍ നയംമൂലം പ്രതിസന്ധിയിലായ ബീഡിത്തൊഴില്‍ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ബീഡിത്തൊഴിലാളികളെ ജീവിക്കാന്‍ അനുവദിക്കണ മെന്നാവശ്യപ്പെട്ടും സംയുക്ത സമരസമിതി നേതൃത്വത്തില്‍ ജില്ലയിലെ ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ പോസ്റ്റ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് രാവിലെ പത്തിന് സിഐടിയു ജില്ലാജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ബീഡിത്തൊഴിലാളികളില്‍നിന്ന് നികുതിയിനത്തില്‍ വന്‍തുക കൈക്കലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചില്ലിക്കാശു ചെലവഴിക്കാന്‍ തയ്യാറാകാത്തത് അന്യായമാണെന്ന് ടി കെ രാജന്‍ പറഞ്ഞു. ബീഡിത്തൊഴിലാളി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് മൂന്നു വര്‍ഷമായി ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങിയ വീടുകള്‍ പലതും പാതിവഴിയിലാണെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് കോട്ടച്ചേരിയില്‍നിന്ന് പ്രകടനമായാണ് തൊഴിലാളികള്‍ ധര്‍ണക്കെത്തിയത്. കരീം കുശാല്‍നഗര്‍ അധ്യക്ഷനായി. എം കുഞ്ഞമ്പാടി,അബ്ദുറഹ്മാന്‍ മേസ്ത്രി, കെ വത്സലന്‍, പി ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. ഡി വി അമ്പാടി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments