അധ്യാപികയുടെ മരണം: ദുരൂഹത നീങ്ങിയില്ല


ഉപ്പള: കഴിഞ്ഞ ദിവസം കോയിപ്പാടി കടപ്പുറത്ത് മിയാപ്പദവ് സ്‌കൂള്‍ അധ്യാപിക രൂപശ്രീയെ (50) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല.
മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു അധ്യാപകനെ സംശയമുള്ളതായും ഇയാള്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പയുടെ മാസത്തവണകള്‍ അധ്യാപികയെകൊണ്ട് നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവാദികളായവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവും ഇല്ലെന്നും ആത്മഹത്യയാണെങ്കില്‍ പ്രേരണ നല്‍കിയവര്‍ക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ക്രൂരമായി ആക്രമം നടത്തിയാണ് രൂപശ്രീയെ കൊലപ്പെടുത്തിയത്. വിവസ്ത്രയായ നിലയിലും മുടി മുറിച്ചുമാറ്റിയ നിലയിലുമാണ് കടപ്പുറത്ത് മൃതദേഹം കാണപ്പെട്ടത്. ഒരു വിവാഹവീട്ടിലും തുടര്‍ന്ന് സ്വന്തം കുട്ടി പഠിക്കുന്ന സ്‌കൂളിലും പോയശേഷമാണ് അധ്യാപികയെ കാണാതായത്. അന്ന് വൈകുന്നേരം മറ്റൊരു സ്ത്രീയുടെ കൂടെ അധ്യാപികയെ കണ്ടവരുണ്ട്. ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും.

Post a Comment

0 Comments