സംഘര്‍ഷത്തിനിടെ കേന്ദ്രമന്ത്രി നീലേശ്വരത്ത്: സായുധ പോലീസിനെ വിന്യസിക്കും


നീലേശ്വരം : ആര്‍എസ്എസ് പഥസഞ്ചലനം തടഞ്ഞതിനെ തുടര്‍ന്ന് സംഘപരിവാര്‍ സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന നീലേശ്വരത്ത് നാളെ വിദേശകാര്യ സഹമന്ത്രി വി.മുരളിധരന്‍ എത്താനിരിക്കെ പോലീസ് കനത്ത ജാഗ്രതയില്‍.
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചും ബില്‍ വിശദീകരിച്ചും ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി നടത്തുന്ന ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണു വി.മുരളീധരന്‍ എത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് ദേശീയപാതയോരത്തെ മാര്‍ക്കറ്റ് ജങ്ഷനിലാണു സമ്മേളനം. സായുധ പോലീസ് സംഘത്തെ സ്ഥലത്തു വിന്യസിക്കുമെന്നറിയുന്നു. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് നേരിട്ട് ഇരു രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും യോഗം വിളിച്ചിരുന്നു. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം കരുവക്കാല്‍ ദാമോദരന്‍, വിവിധ ലോക്കല്‍ സെക്രട്ടറിമാരായ എ.വി.സുരേന്ദ്രന്‍, പി. കെ.രതീഷ്, പി.പി.മുഹമ്മദ് റാഫി, കെ.പി.രവീന്ദ്രന്‍, പി.മനോഹരന്‍ എന്നിവരാണ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സുരേഷ് എളേരി, ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്‍ എന്നിവരും നീലേശ്വരം സിഒഐ, എം.എ.മാത്യുവും യോഗത്തില്‍ പങ്കെടുത്തു.
രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ കവാടം തകര്‍ക്കുകയും പരിപാടിയുടെ സമാപനത്തില്‍ നടന്ന പഥസഞ്ചലനം സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചു തടയുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കല്ലേറിനെ തുടര്‍ന്നു പൊലീസ് ലാത്തി വീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിലും പൊലീസിനെ കല്ലെറിഞ്ഞതിലും പൊലീസ് ഇരുവിഭാഗത്തിനുനമെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കല്ലേറ് കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ ടി.ടി.സാഗര്‍, പി.രാജേഷ് എന്നിവരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും ബിജെപി നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചതായി അറിയുന്നു.

Post a Comment

0 Comments