യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാക്കില്‍ വീണ്ടും റോക്കറ്റാക്രമണം


ബാഗ്ദാദ്: ഇറാക്കിലെ യു.എസ് സൈനിക ക്യാമ്പിന് നേരെ മിസൈലാക്രമണം. ബാഗ്ദാദിന് വടക്കുള്ള താജി വ്യോമത്താവളത്തിന് നേരെ ഇന്നലെയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. കത്യുഷ റോക്കറ്റുകളുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇറാക്ക് വ്യക്താമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
താജി ബേസില്‍ നടന്നത് ചെറിയ റോക്കറ്റ് ആക്രമണമാണെന്നും, സഖ്യസൈന്യത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്നും സഖ്യസേന വക്താവ് കേണല്‍ മൈല്‍സ് കാഗിന്‍സ് മൂന്നാമന്‍ ട്വീറ്റ് ചെയ്തു. ഇറാക്ക് സെനികര്‍ ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനയായിരുന്നു ക്യാമ്പില്‍ ഉണ്ടായിരുന്നത്.
ബാഗ്ദാദില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്ക് യു.എസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ബാലാദ് എയര്‍ബേസില്‍ നേരേ ഞായറാഴ്ച റോക്കറ്റ് ആക്രമണം നടന്നിരുന്നു. യുഎസ് സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. എട്ട് കത്യുഷ റോക്കറ്റുകളാണ് പ്രയോഗിച്ചത്.

Post a Comment

0 Comments