ഇടതുസര്‍ക്കാര്‍ എഴുതികൊടുത്തത് ഒട്ടും വിഴുങ്ങാതെ ഗവര്‍ണര്‍ മുഴുവന്‍ വായിച്ചു


തിരുവനന്തപുരം: ഒടുവില്‍ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പൗരത്വനിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങളടക്കം സര്‍ക്കാര്‍ തയ്യാറാക്കിയ മുഴുവന്‍ പ്രസംഗവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ വായിച്ചു. ആദ്യം എതിര്‍ത്ത് നിന്ന ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അവസാനഘട്ട ഇടപെടലില്‍ വഴങ്ങുകയായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചാണെങ്കിലും ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപനം മുഴുവന്‍ വായിപ്പിക്കാന്‍ സാധിച്ചത് സര്‍ക്കാരിന് നേട്ടമായി. പ്രസംഗത്തില്‍ മാറ്റംവരുത്തണമെന്ന് ഗവര്‍ണര്‍ നിരവധിതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നില്ല. ഇതിനിടെ നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ലെന്നും അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നും വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സര്‍ക്കാരിന്റെ നിലപാടിന് വഴങ്ങില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ചൊവ്വാഴ്ച അദ്ദേഹം കത്ത് അയച്ചത്.
എന്നാല്‍ പൗരത്വനിയമ ഭേദഗതി കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നതാണെന്നും പൗരത്വനിയമത്തെപ്പറ്റി പരാമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി ചൊവ്വാഴ്ച രാത്രി മറുപടിയും നല്‍കി. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ്, അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ അതേപടി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പൗരത്വനിയമത്തിനെതിരായ പ്രതിഷേധം സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്ന നിലപാടില്‍ ഉറച്ച് നിന്ന ഗവര്‍ണര്‍ ഇത്തരം പരാമര്‍ശങ്ങളുള്ള 18-ാം ഖണ്ഡിക വായിക്കില്ലെന്നായിരുന്നു കണക്കു കൂട്ടിയത്. ഇതിനുമുമ്പും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍മാര്‍ വിയോജിപ്പുള്ള ഭാഗങ്ങള്‍ വായിക്കാതെ വിട്ടിട്ടുണ്ട്.
എന്നാല്‍ ഈ ആകാംക്ഷകള്‍ നിലനില്‍ക്കെ തന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 18-ാം ഖണ്ഡിക മുഴുവന്‍ വായിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വായിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ നിയമസഭയിലേക്ക് വരുന്നതിന് തൊട്ടുമുമ്പും ഗവര്‍ണറുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടുവെന്നാണ് വിവരം. പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതടക്കം ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ വായിച്ചു. ഈ ഭാഗങ്ങള്‍ വായിച്ചപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ ഡസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ ബഹുമാനിച്ചാണ് എതിര്‍പ്പുള്ള ഭാഗം വായിക്കുന്നത്. ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാടാണെന്നും ഗവര്‍ണര്‍ സഭയില്‍ പറഞ്ഞു.
അതേസമയം തന്റെ എതിര്‍പ്പ് രേഖപ്പെടുത്താന്‍ സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെടുമോ എന്നത് വ്യക്തമല്ല. ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അത് രേഖകളിലുണ്ടാവില്ല. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നിയമസഭയില്‍ നടന്നത് നാടകമാണെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ വ്യക്തമായ അന്തര്‍ധാരയിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാരിന്റെ പാലമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Post a Comment

0 Comments